കുന്ദമംഗലം: വർഷങ്ങളായി കടുത്ത വേനലിൽ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്ന ബീരാൻഹാജി വെള്ളക്കെടുതിയിൽ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കാനുമെത്തി. കാരന്തൂരിലെ പൗരപ്രമുഖനും മഹല്ല് പ്രസിഡൻറുമായ എം. ബീരാൻ ഹാജിയാണ് പ്രകൃതിക്ഷോഭം മൂലം കാരന്തൂർ എ.എം.എൽ.പി സ്കൂളിൽ തുടങ്ങിയ ക്യാമ്പിലുള്ളവർക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങളുമായി എത്തിയത്. കാരന്തൂരിലെ ഉയർന്ന പ്രദേശങ്ങളിൽ വർഷങ്ങളായി വേനൽകാലത്ത് സൗജന്യമായി കുടിവെള്ള വിതരണം നടത്തി വാർത്തകളിൽ ഇടം നേടിയ ഹാജിയാർക്ക് പക്ഷേ, ഇത്തവണ വേനൽ കടുക്കാത്തതിനാൽ വിതരണം നടത്തേണ്ടിവന്നിരുന്നില്ല. പകരം വെള്ളക്കെടുതിമൂലം വീടൊഴിഞ്ഞവർക്ക് സഹായം ചെയ്യാനായിരുന്നു നിയോഗം. കാരന്തൂർ എ.എം.എൽ.പി സ്കൂളിലെ ക്യാമ്പിൽ അഭയം തേടിയ ഇരുനൂറോളം പേർക്ക് ആദ്യദിവസം രാവിലെ ചായ, ചപ്പാത്തി, പത്തിരി, ചിക്കൻ കറി എന്നിവ വിതരണം ചെയ്താണ് ഇദ്ദേഹം തുടങ്ങിയത്. ഉച്ചക്ക് മുന്നൂറോളം പേർക്കാണ് നെയ്ച്ചോറും ചിക്കൻ കറിയും വിളമ്പിയത്. മകൻ മെഹബൂബ് സന്നദ്ധ പ്രവർത്തകരായ മൊയ്തീൻകോയ, അനീസ്, സിദ്ദീഖ് എന്നിവർ സഹായികളായും പ്രവർത്തിച്ചു. അന്ന് വൈകുന്നേരത്തോടെയാണ് റവന്യൂ അധികൃതർ ക്യാമ്പ് ഏറ്റെടുത്തത്. കാരന്തൂർ പാറക്കടവിലും, തൈക്കണ്ടി കടവിലും, ഏട്ടക്കുണ്ട് ഭാഗത്തും പ്രളയം മൂലം വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ സുരക്ഷിത സ്ഥലത്തെത്തിക്കാൻ എ.ഡി.എമ്മിെൻറ നിർദേശ പ്രകാരം ലഭിച്ച സ്വകാര്യ ബോട്ട് കോഴിക്കോടുനിന്ന് എത്തിക്കുന്നതിന് ജീവനക്കാർ സഹിതം സ്വന്തം ലോറി വിട്ടുനൽകിയും ഹാജിയാർ ജനങ്ങൾക്കൊപ്പം നിന്നു. കോഴിക്കോട് ബീച്ചിലെ എറോത്ത് സ്പോർട്സ് സെൻററിലെ ഹാറൂണിെൻറ സ്പീഡ് ബോട്ടാണ് ഉടമയും സഹായിയായ അമലും സഹിതമെത്തി സന്നദ്ധപ്രവർത്തകരായ മൊയ്തീൻകോയക്കും അജ്മലിനുമൊപ്പം സൗജന്യ സേവനം നടത്തിയത്. കുന്ദമംഗലം പാലക്കൽ അബൂബക്കറാണ് ബോട്ടിലേക്കുള്ള ഇന്ധനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.