ചൂരണിയിൽ മലയിടിച്ചിൽ; കുറ്റ്യാടി പുഴ കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ ചൂരണിയിൽ മലയിടിച്ചിൽ. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൂതംപാറക്ക് സമീപം മേലെ ചൂരണിയിൽ സ്വകാര്യ സ്ഥലത്താണ് ഇടിച്ചിലെന്ന് നാട്ടുകാർ പറഞ്ഞു. ചൂരണി, മുളവട്ടം, കാര്യമുണ്ട ഭാഗങ്ങളിലെ 25 പേരെ ഉരുൾപൊട്ടൽ ഭീഷണിമൂലം മാറ്റിപ്പാർപ്പിച്ചു. പട്യാട്ട് പുഴ കരകവിഞ്ഞ് കൂടൽ വലിയപറമ്പ് ആദിവാസി കോളനിയിലെ 15 കുടുംബങ്ങളെ പൂതംപാറ സ​െൻറ് ജോസഫ്സ് എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൊട്ടിൽപാലം പുഴ കരകവിഞ്ഞ് തൊട്ടിൽപാലം ചോയിച്ചുണ്ട് ഭാഗത്തെ 10 കുടുംബങ്ങളെ മാറ്റി. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കാവിലുമ്പാറ പഞ്ചായത്തിൽ 31 കുടുംബങ്ങളെയും, മരുതോങ്കര പഞ്ചായത്തിൽ ഏഴ് കുടുംബങ്ങളെയും മാറ്റി. ചൂരണിയിൽ കഴിഞ്ഞാഴ്ച ഉരുൾപൊട്ടിയതിനടുത്ത് ഭീഷണിയിലായ എട്ടു കുടുംബങ്ങളെയും പുഴ ഗതിമാറി ഒഴുകിയതിനാൽ ഒറ്റപ്പെട്ടുപോയ എട്ടു കുടുംബങ്ങളെയും മാറ്റി. ഉരുൾപൊട്ടിയതിനടുത്ത് വഴികൾ തടസ്സപ്പെട്ടതിനാൽ ചൂരണി ഭാഗത്ത് അഞ്ചു കുടുംബങ്ങൾ ഒറ്റപ്പെട്ടു. മരുതോങ്കര പഞ്ചായത്തിൽ കടന്തറപ്പുഴ കരയിലുള്ള ഏഴു കുടുംബങ്ങളെ നെല്ലിക്കുന്നിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. പോഷക നദികളായ പട്യാട്ട്പുഴയിലും കടന്തറപ്പുഴയിലും വൻതോതിൽ വെള്ളം ഉയർന്നതോടെ കുറ്റ്യാടി പുഴയും കര കവിഞ്ഞു. ചങ്ങരോത്ത്, കുറ്റ്യാടി, വേളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ, വയലുകൾ എന്നിവ വെള്ളത്തിലാണ്. പെരുവണ്ണാമൂഴി ഡാമി​െൻറ ഷട്ടറുകൾ ഉയർത്തിയതും കുറ്റ്യാടി പുഴയിൽ വെള്ളം പൊങ്ങാൻ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.