കനത്ത മഴയിൽ പുഴ കവിഞ്ഞൊഴുകി; ദേശീയപാതയില്‍ ഗതാഗത തടസ്സം

ഈങ്ങാപ്പുഴ: കനത്ത മഴയില്‍ ഈങ്ങാപ്പുഴ ടൗണിന് സമീപം പുഴ കവിഞ്ഞൊഴുകി ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രാവിലെ പത്തരക്കാരാംഭിച്ച വെള്ളപ്പൊക്കം മഴ കുറഞ്ഞതോടെ പന്ത്രണ്ടരയോടെയാണ് ഒഴിവായത്. ദീര്‍ഘദൂര ബസുകളടക്കം നിരവധി യാത്രക്കാരാണ് റോഡില്‍ കുടുങ്ങിയത്. പുതുപ്പാടി പഞ്ചായത്തിലെ പയോണ അങ്ങാടിയിലും വെള്ളംകയറി. ഈങ്ങാപ്പുഴയില്‍ പതിനഞ്ചോളം കടകളില്‍ വെള്ളംകയറി നാശം സംഭവിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ സൗത്ത് ഈങ്ങാപ്പുഴയിൽ ദേശീയ പാതയും നിരവധി കച്ചവടസ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. പെട്രോൾ പമ്പിന് സമീപം വീടുകളിലും വെള്ളം കയറി. കളപ്പുറം ഭാഗത്തും മലവെള്ളം കരകവിഞ്ഞു. ഈങ്ങാപ്പുഴ, കോടഞ്ചേരി റൂട്ടിൽ ബേക്കറി പടിയിൽ റോഡ് മലവെള്ളത്തിൽ മുങ്ങി രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി. ഈങ്ങാപ്പുഴ ടൗണിന് സമീപം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഈ സീസണിൽ മൂന്നാം തവണയാണ് ഈങ്ങാപ്പുഴ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായത്. സൗത്ത് ഈങ്ങാപ്പുഴ ഭാഗത്ത് റോഡിന് സമാന്തരമായാണ് പുഴ ഒഴുകുന്നത്. പുഴക്കും റോഡിനും ഇടയിലായി ഒരു നിര കെട്ടിടങ്ങളുണ്ട്. ഇരുപതു മീറ്ററോളം നീളത്തിൽ റോഡി​െൻറ അതിർത്തി പുഴയാണ്. പുഴയുടെ മറുഭാഗത്ത് കൃഷിത്തോട്ടങ്ങളും. കൃഷിത്തോട്ടങ്ങളുള്ള ഭാഗത്ത് പുഴയോരം ഇടിയുന്നത് തടയാൻ കരിങ്കൽ സുരക്ഷ ഭിത്തി കെട്ടി ഉയർത്തിയിട്ടുണ്ട്. ഇതിനാൽ പുഴ നിറയുന്നതോടെ റോഡും പുഴയായി മാറുന്നു. റോഡിലേക്ക് മലവെള്ളം കയറുന്നത് തടയാൻ മാർഗമില്ല. പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളമുയരുന്നത് തടയാൻ കലുങ്ക് വീതി കൂട്ടി ഉയർത്തി നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒാരോ മഴക്കാലം തുടങ്ങുമ്പോഴും ഓവുചാലുകളും തുറക്കണം. ഈ ഭാഗത്ത് 20ഓളം വീടുകളിൽ ചൊവ്വാഴ്ച വെള്ളം കയറി. രണ്ടു കൊല്ലം മുമ്പ് കലുങ്ക് വീതികൂട്ടി ഉയർത്തി പണിയണമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. പരാതി നൽകി രണ്ടു വർഷമായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പരക്കെ അമർഷമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.