പേരാമ്പ്ര: പൈതോത്ത് റോഡിൽ നിർമാണം പുരോഗമിക്കുന്ന സി.പി.ഐ ഓഫിസ് വിവാദത്തിൽ. നഞ്ച ഭൂമിയിലാണ് ഓഫിസ് നിർമിക്കുന്നതെന്ന പരാതിയെ തുടർന്ന് ഏപ്രിൽ നാലിന് പേരാമ്പ്ര പഞ്ചായത്ത് പെർമിറ്റ് റദ്ദാക്കുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിയിരുന്നു. ഇത് അവഗണിച്ച് ഓഫിസിെൻറ പ്ലാസ്റ്ററിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. ഇരുനില കെട്ടിടമാണ് ഓഫിസിനായി നിർമിക്കുന്നത്. മേയ് നാലിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നത്. നഞ്ചഭൂമിയിൽ കെട്ടിടമുണ്ടാക്കുന്നതിനെ എതിർക്കുന്ന സി.പി.ഐ എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് കെട്ടിടം പണിയുകയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ, കെട്ടിട നിർമാണം നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് സി.പി.ഐയുടെ വാദം. ഈ ഭൂമി 2008ലെ ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതല്ല. കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയതാണ്. വർഷങ്ങൾക്കുമുമ്പ് വാങ്ങിയ ഈ സ്ഥലത്ത് പീറ്റത്തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങളുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. 2017ലെ കേരള തണ്ണീർത്തട സംരക്ഷണ ഓർഡിനൻസ് പ്രകാരം ഭൂമിയുടെ തരം മാറ്റിയ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇനി പഞ്ചായത്തിൽനിന്ന് അനുമതി ലഭിക്കൂ. എന്നാൽ, മേയ് ആറിന് ഉദ്ഘാടനം നിർവഹിക്കണമെങ്കിൽ പ്രവൃത്തി നടത്തിയേ മതിയാവൂ. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടും പണി തുടർന്നാൽ പൊളിച്ചുമാറ്റാൻ അധികാരമുണ്ടെന്നാണ് സെക്രട്ടറി പറയുന്നത്. സി.പി.ഐ ഓഫിസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി പേരാമ്പ്ര: പൈതോത്ത് റോഡിൽ നീർത്തടം നികത്തി സി.പി.ഐ ഓഫിസ് നിർമിച്ചതിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗിെൻറ നേതൃത്വത്തിൽ ഓഫിസിലേക്ക് മാർച്ച് നടത്തി. പരിസ്ഥിതി ആഘാതം ക്ഷണിച്ചു വരുത്തുകയും കുടിവെള്ള ക്ഷാമത്തിന് ഇടവരുത്തുകയും ചെയ്യുന്ന വിധത്തിലാണ് ഓഫിസ് നിർമിച്ചിരിക്കുന്നതെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. മാർച്ച് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് മൂസ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. ആർ.കെ. മുഹമ്മദ്, എം.പി. സിറാജ്, കെ.പി. റസാഖ്, സഈദ് അയനിക്കൽ, സി.കെ. ഹാഫിസ്, കെ.സി. മുഹമ്മദ്, കെ.പി. നിയാസ് നേതൃത്വം നൽകി. പേരാമ്പ്ര സി.ഐ കെ.പി. സുനിൽ കുമാറും പാർട്ടിയും സ്ഥലത്ത് എത്തി. യുവമോർച്ചയും മാർച്ച് നടത്തി. മാർച്ച് ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കല്ലോട് അധ്യക്ഷത വഹിച്ചു. സി.കെ. ഷാജു, ദിനേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.