നാദാപുരം മാലിന്യ പ്ലാൻറ്​: ചർച്ച ഫലം കണ്ടില്ല; കലക്ടറെ കാണണമെന്ന സമരസമിതി ആവശ്യം അംഗീകരിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാൻറിലെ മാലിന്യം നീക്കംചെയ്യൽ പ്രശ്നത്തിൽ സമരസമിതിയുമായി ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരമായില്ല. കലക്ടറുമായി ചർച്ചക്ക് വഴിയൊരുക്കിയ ശേഷമേ തീരുമാനം അറിയിക്കുകയുള്ളൂവെന്ന് സമരസമിതിക്കാർ അറിയിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. പ്ലാൻറ് പരിസരത്ത് നേരത്തേ കുഴിച്ചിട്ട മാലിന്യം എടുത്തുമാറ്റിയശേഷം കലക്ടറുമായി ചർച്ചയാവാമെന്ന ഗ്രാമപഞ്ചായത്ത് അധികൃതരുടെ ആവശ്യം സമരസമിതി അംഗീകരിച്ചില്ല. ഒരാഴ്ചക്കകം കലക്ടറെ കാണാൻ അവസരം ഒരുക്കാമെന്ന ധാരണയിലാണ് ചർച്ച അവസാനിപ്പിച്ചത്. പ്ലാൻറിൽ നേരത്തേ കുഴിച്ചിട്ട മാലിന്യം നീക്കം ചെയ്യുന്നതിന് കലക്ടറുടെ ഉത്തരവുമായി എത്തിയ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സമരക്കാർ കഴിഞ്ഞദിവസം തടഞ്ഞതിനെ തുടർന്നാണ് വ്യാഴാഴ്ച ഗ്രാമപഞ്ചയാത്ത് ഓഫിസിൽ ചർച്ച നടന്നത്. ദുരന്തനിവാരണ ആക്ട് പ്രകാരമാണ് കലക്ടർ പ്ലാൻറിൽനിന്ന് മാലിന്യം നീക്കാൻ ഉത്തരവിറക്കിയത്. ഏപ്രിൽ പതിനഞ്ചിനകം ഇത് നടപ്പിലാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കർശന നിർദേശം നൽകിയ സാഹചര്യത്തിലാണ് സെക്രട്ടറി പി.എം. സുരേഷ് ബാബു, അസി. സെക്രട്ടറി ജി. അനിൽകുമാർ എന്നിവർ മാലിന്യം എടുത്തുമാറ്റാൻ ശ്രമിച്ചത്. പൊലീസ് അകമ്പടിയോടെ രണ്ടു തവണ നടത്തിയ ശ്രമവും സമരക്കാരുടെ ഉപരോധത്തെ തുടർന്ന് പരാജയപ്പെട്ടു. കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്തതിൽ പഞ്ചായത്ത് ഭരണസമിതിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ രൂക്ഷ അഭിപ്രായവ്യത്യാസം ഉയർന്നു. കലക്ടറുടെ ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിന് സെക്രട്ടറിയാണ് മറുപടി നൽകേണ്ടതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.