നായ്​ക്കളോട്​ കരുണയില്ല; ബാലുശ്ശേരിയിലെ കരുണ വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടി

ബാലുശ്ശേരി: തെരുവു നായ്ക്കളോട് കരുണ കാട്ടാത്ത വേട്ടാളി ബസാറിലെ കരുണ-തെരുവു നായ് വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടി. വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ 12 എണ്ണമടക്കം 24 തെരുവ്നായ്ക്കൾ കൂട്ടത്തോടെ ചത്തതോടെയാണ് കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ല മൃഗ സംരക്ഷണ ഒാഫിസർ നിർദേശിച്ചത്. കേന്ദ്രത്തിൽ അവശേഷിക്കുന്ന നായ്ക്കളെ പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് 12 നായ്ക്കളെ വന്ധ്യംകരിച്ചത്. എന്നാൽ, പരിചരണ തൊഴിലാളികൾ അവധിയായതിനാൽ ഇവക്ക് ആവശ്യമായ പരിചരണം ലഭ്യമായിരുന്നില്ല. തുടർന്ന് വേണ്ടത്ര വെള്ളവും ഭക്ഷണവും കിട്ടാതെ ഇവറ്റകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. പട്ടിണി കിടന്നാണ് ബാക്കിയുള്ളതും ചത്തതെന്നാണ് കരുതുന്നത്. ചത്ത നായ്ക്കളുടെ വയറ്റിൽ ഭക്ഷണത്തി​െൻറ അംശം പോലുമില്ലെന്നാണ് പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കളെ കൂട്ടത്തോടെ ഒരു കൂട്ടിലിട്ടതിനാൽ മുറിവുണങ്ങാതെ രക്തം പൊടിയുന്ന നിലയിലായിരുന്നു. കേന്ദ്രത്തിലെ തൊഴിലാളികൾ ലീവ് കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. വന്ധ്യംകരിക്കുന്ന ഒരു നായക്ക് 1940 രൂപയാണ് ജില്ല പഞ്ചായത്ത് ചെലവാക്കുന്നത്. എണ്ണം തികയ്ക്കാനായി ആവശ്യമായ സംവിധാനങ്ങളൊരുക്കാതെ കൂട്ടത്തോടെ ശസ്ത്രക്രിയ നടത്തി വിടുകയായിരുന്നു. പിടികൂടി കേന്ദ്രത്തിലെത്തിക്കുന്ന തെരുവ് നായ്ക്കൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ അവശതയനുഭവിക്കുന്ന കാഴ്ച നേരത്തേ തന്നെ നാട്ടുകാർ മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇവർ പ്രതിഷേധവും ഉയർത്തിയിരുന്നു. ഇക്കഴിഞ്ഞ 16ന് 25 ഒാളം നായ്ക്കളെ അജ്ഞാതർ തുറന്നു വിട്ടതായി പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് കരാറെടുത്ത സ്വകാര്യ ഏജൻസിയുടെ കീഴിലെ ജീവനക്കാരുടെ ക്രൂരതക്കെതിരെ നാട്ടുകാർ രംഗത്ത് വരുകയും വിജിലൻസ് ഡിവൈ.എസ്.പി സാബുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും നടന്നിരുന്നു. ജില്ല പഞ്ചായത്തി​െൻറ കരുണ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിലാണ് വേട്ടാളി ബസാറിൽ വന്ധ്യംകരണ കേന്ദ്രം തുറന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി റാബീസ് വാക്സിനേഷൻ നൽകി പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടുവിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. പേരാമ്പ്രയിലും കരുണ പദ്ധതി പ്രകാരമുള്ള വന്ധ്യംകരണ കേന്ദ്രം നേരത്തേ തന്നെ അടച്ചുപൂട്ടിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷ​െൻറ കീഴിൽ മാത്രമാണ് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നത്. പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്ന കരാറുകാരുടെ അലംഭാവമാണ് വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടുന്നതിനിടയാക്കിയതെന്ന് ആക്ഷേപവുമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.