വടകര-കൊയിലാണ്ടി മേഖലയിൽ ശക്തമായ കടൽക്ഷോഭം; തീരദേശം ഭീതിയിൽ വടകര\കൊയിലാണ്ടി: ജില്ലയിൽ വടകര-കൊയിലാണ്ടി മേഖലയിൽ കടൽക്ഷോഭം ശക്തം. ഓഖി ചുഴലിക്കാറ്റുകാലത്തേക്കാൾ ശക്തമായിരുന്നു ഞായറാഴ്ചത്തെ കടൽക്ഷോഭമെന്നാണ് പരിസരവാസികൾ പറയുന്നത്. ഇതോടെ തീരദേശത്ത് കടുത്ത ഭീതി നിലനിൽക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് മുതൽ കൊയിലാണ്ടി വരെയുള്ള ഭാഗത്ത് ഉച്ചയോടെയാണ് കടൽ പ്രക്ഷുബ്ധമാകാൻ തുടങ്ങിയത്. ഏഴുകുടിക്കലിൽ തിര കടൽഭിത്തി മറികടന്ന് റോഡിലേെക്കത്തി. ഇതോടെ റോഡ് വെള്ളത്തിനടിയിലായി. ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തുകളിലെ തീരദേശ റോഡുകൾ ഭീഷണി നേരിടുകയാണ്. ചില വീടുകളും വെള്ളം കയറൽ ഭീഷണിയിലാണ്. കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ അവധി ദിനമായതിനാൽ സഞ്ചാരികൾ ഏറെയായിരുന്നു. കടൽക്ഷോഭം കാരണം മിക്കവരും നേരേത്ത മടങ്ങി. ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ആവശ്യമെങ്കിൽ അതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് തഹസിൽദാർ പറഞ്ഞു. മണൽവാരൽ കാരണം കടൽ ഭിത്തികൾ താണു കൊണ്ടിരിക്കുകയാണ് പല ഭാഗത്തും. അതിനാൽ തിരകൾക്ക് എളുപ്പത്തിൽ തീരത്തേക്ക് അടിച്ചുകയറാൻ കഴിയുന്നു. ഓഖികാലത്ത് തകർന്ന ഭിത്തികൾ പുനഃസ്ഥാപിച്ചിട്ടുമില്ല. കൊയിലാണ്ടി ഹാർബർ ഭാഗത്ത് കടൽക്ഷോഭം അത്ര ശക്തമല്ല. ഇവിടെ സാധാരണപോലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയി. തഹസിൽദാർ പി. പ്രേമെൻറ നേതൃത്വത്തിൽ റവന്യൂവിഭാഗവും ഫിഷറീസ്, ഇറിഗേഷൻ വിഭാഗവും കടലോരം സന്ദർശിച്ചു. പൊലീസും അഗ്നിശമന സേനയും സജ്ജരായി രംഗത്തുണ്ടായിരുന്നു. വടകര നഗരസഭയിലെ അഴിത്തല മുതൽ അഴിയൂർ പൂഴിത്തലവരെയാണ് കടലാക്രമണം രൂക്ഷമായത്. മുഖച്ചേരിഭാഗം, മീത്തലങ്ങാടി, മുട്ടുങ്ങൽ, ചോമ്പാൽ കാപ്പുഴക്കൽ, അഴിയൂർ കടപ്പുറം, എരിക്കിൻചാൽ, ആസ്യ റോഡ് എന്നിവിടങ്ങളിലും ജനം ഭീതിയിലാണ്. തിരമാല രണ്ടു മീറ്റർ ഉയരത്തിൽ ഉയർന്ന് കടൽഭിത്തിയിൽനിന്ന് പുറത്ത് തീരദേശ റോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് തീരദേശറോഡുകൾ ഭീഷണിയിലാണ്. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ കൂറ്റൻ തിരമാലയടിച്ച് വെള്ളം കയറിയിരിക്കുകയാണ്. അഴിയൂർ പഞ്ചായത്തിലെ മുഴുവൻ കടലോരത്തും കടൽഭിത്തി കെട്ടാത്തതാണ് കടലാക്രമണം രൂക്ഷമാകാൻ ഇടയാക്കിയതെന്ന് അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.