വോൾട്ടേജ് ക്ഷാമം: ജലനിധി പദ്ധതികളിലെ കുടിവെള്ള വിതരണം മുടങ്ങി

ആയഞ്ചേരി: വോൾട്ടേജ് ക്ഷാമത്തെ തുടർന്ന് ജലനിധി പദ്ധതികളിലെ കുടിവെള്ള വിതരണം മുടങ്ങി. ആയഞ്ചേരി പഞ്ചായത്തിലെ 10ാം വാർഡിൽപെട്ട കുളമുള്ളതിൽ കുന്ന്, തറവട്ടത്ത്കുന്ന് ജലനിധി പദ്ധതികളിലെ ജലവിതരണമാണ് ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത്. ഇതോടെ 80ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പ്രയാസപ്പെടുകയാണ്. വോൾട്ടേജ് ക്ഷാമത്തെ തുടർന്ന് പമ്പ് ഹൗസുകളിലെ മോട്ടോർ പ്രവർത്തിക്കാൻ സാധിക്കാത്തതാണ് ജലവിതരണം മുടങ്ങാനിടയാക്കിയത്. നവംബറിൽ ഉദ്ഘാടനം ചെയ്തതു മുതൽ കഴിഞ്ഞയാഴ്ച വരെ ദിവസവും രണ്ടുനേരം മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വിതരണം ചെയ്തിരുന്നു. കുന്നിൻപ്രദേശമായ ഇവിടെ ജലനിധി പദ്ധതി വന്നതോടെ ആശ്വാസത്തിലായിരുന്ന ഗുണഭോക്താക്കളാണ് ഇപ്പോൾ വെള്ളത്തിനായി പ്രയാസപ്പെടുന്നത്. വോൾട്ടേജ് ക്ഷാമം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നു. അധികൃതർ വന്നു നോക്കിയിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായിട്ടില്ല. കടുത്ത വേനലിൽ കുടിവെള്ളം മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.