മെഡിക്കൽ കോളജ്​ ചെസ്​റ്റ്​ ആശുപത്രിയിൽ രോഗികളുടെ ദുരിതം ഇരട്ടിയാക്കി കൊതുകുശല്യം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ചെസ്റ്റ് ആശുപത്രിയിൽ കൊതുകുശല്യം രൂക്ഷമാവുന്നു. ആശുപത്രി വാർഡുകളിൽ ശ്വാസംമുട്ടും ക്ഷയരോഗവുമുൾപ്പടെയുള്ള രോഗങ്ങളാൽ വലയുന്നവർ കൊതുകി​െൻറ കടികൂടി സഹിക്കേണ്ട ഗതികേടിലാണുള്ളത്. ആശുപത്രി പരിസരത്തെ ഓട വൃത്തിയാക്കാത്തതും കെട്ടിടത്തിനു സമീപം കാടുമൂടി കിടക്കുന്നതുമാണ് കൊതുകുശല്യം രൂക്ഷമാവാൻ കാരണം. രോഗികളുടെ ചുറ്റും കൊതുകുകൾ വട്ടമിട്ടു പറക്കുന്ന സ്ഥിതിയാണുള്ളത്. ഇവിടെ രണ്ട് പുരുഷ വാർഡ്, ഒരു സ്ത്രീ വാർഡ്, ഡോട്സ് വാർഡ്, ഐ.സി.യു എന്നിവിടങ്ങളിലായി 100ഓളം രോഗികളാണ് കിടത്തി ചികിത്സയിലുള്ളത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. അടുത്തിടെ ആശുപത്രിയിലെ ഒരു നഴ്സ് ഡെങ്കിപ്പനി ബാധിച്ച് ഒരു മാസത്തോളം കിടപ്പിലായിരുന്നു. ഐ.സി.യുവിൽപോലും കൊതുകു ശല്യമുണ്ടെന്നാണ് ആക്ഷേപം. വാർഡുകളിലെ ചില ഫാനുകൾ തകരാറിലാണ്. ഫാൻ പ്രവർത്തിക്കാത്ത ഇടങ്ങളിൽ കൊതുകുശല്യം ഇരട്ടിയാവുന്നുണ്ട്. താഴെനിലയിലുള്ള വാർഡ് ഒന്നിലാണ് കൊതുകുശല്യം അസഹ്യമാവുന്നത്. ആശുപത്രിയിലുള്ളത് ക്ഷയരോഗികളും മറ്റും ആയതിനാൽ വായുസഞ്ചാരം ഇല്ലാത്ത രീതിയിൽ ജനലുകൾ പൂർണമായും അടച്ചിടാനുമാവില്ല. കൊതുകു നശീകരണ പ്രവർത്തനങ്ങൾ ചെയ്തുതരാൻ വെയർ ഹൗസ് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ പറഞ്ഞു. ഒരാഴ്ചക്കകം കൊതുകുനിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.