പേരാമ്പ്രയിലെ സംഘർഷം: നാലു പേർ അറസ്​റ്റിൽ

പേരാമ്പ്ര: സി.പി.എം-ശിവജി സേവാസമിതി സംഘർഷവുമായി ബന്ധപ്പെട്ട് നാല് ശിവജി പ്രവർത്തകരെ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടര്‍ കെ.പി. സുനില്‍കുമാർ അറസ്റ്റ് ചെയ്തു. വിഷുദിനത്തിൽ പേരാമ്പ്ര കാർത്തിക ഹോട്ടല്‍ ആക്രമിച്ച് ഉടമയെയും രണ്ടു ജീവനക്കാരെയും മർദിച്ച കേസിൽ പ്രതികളായ പേരാമ്പ്ര തൈവെച്ചപറമ്പില്‍ ധനേഷ് (24), ചങ്ങരോത്ത് കുന്നോത്ത് അരുണ്‍ (26), ചേനോളി ഉഷസില്‍ വിഷ്ണു (24), കല്ലോട് പടിഞ്ഞാറയില്‍ സുമേഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അമ്പലനടയില്‍ പതാക ഉയര്‍ത്തിയ എസ്.എഫ്‌.ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പ്രതിയായ സുമേഷ് മാസങ്ങളായി ഒളിവിലായിരുന്നു. പ്രതികളുടെ വീടുകളിൽ പൊലീസ് നടത്തിയ നിരന്തര റെയ്ഡിനെ തുടർന്ന് നാലു പേരും ബുധനാഴ്ച രാത്രി സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകരുടെയും മൂന്ന് ശിവജി പ്രവർത്തകരുടെയും വീടിനുനേരെ ബോംബേറുണ്ടായി. പേരാമ്പ്രയിലെ ഹോട്ടൽ അടിച്ചുതകർക്കുകയും കൈതക്കലിൽ ഹോട്ടലിനു ബോംബെറിയുകയും ചെയ്തു. ബൈക്ക് അഗ്നിക്കിരയാക്കി. ഡി.വൈ.എഫ്.ഐയുടെ കൊടിമരവും സ്തൂപവും നശിപ്പിച്ചു. അക്രമത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പിടിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.