വേനൽച്ചൂടിൽ കിണറ്റില്‍ 'വെള്ളപ്പൊക്കം'

പേരാമ്പ്ര: വേനൽച്ചൂടിൽ ജലസ്രോതസ്സുകളിലെ വെള്ളം വറ്റിയെന്ന വാർത്തയാണ് പതിവായി കേൾക്കാറ്. എന്നാൽ, കടിയങ്ങാട് പച്ചിലക്കാട് ചാലില്‍ ബാബുവിന് പറയാനുള്ളത് ത​െൻറ വീട്ടുകിണറ്റിൽ വെള്ളം കൂടുന്ന വാർത്തയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് വെള്ളമുയരുന്നത് ശ്രദ്ധയില്‍പെട്ടത്. പൊതുവെ ജലക്ഷാമമുള്ള പ്രദേശമാണ് പച്ചിലക്കാട് ഉള്‍പ്പെടുന്ന കരിങ്കണ്ണിക്കുന്ന്. ഇവിടെ അടുത്തുള്ള വീടുകളിലേക്ക് വെള്ളമെടുക്കുന്നത് ബാബുവി​െൻറ കിണറ്റില്‍നിന്നാണ്. വേനൽക്കാലങ്ങളില്‍ വെള്ളം മുഴുവനായി വറ്റാറില്ലെങ്കിലും ബക്കറ്റ് മുങ്ങാനുള്ള വെള്ളം മാത്രമാണ് ഉണ്ടാവാറുള്ളത്. ബാബുവി​െൻറ ഭാര്യ സുഖില രാവിെല എട്ടു മണിക്ക് വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ കിണറ്റില്‍ കുറച്ച് വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 10 മണിയോടെ വീണ്ടും എത്തിയപ്പോള്‍ കിണറ്റിനകത്ത് വെള്ളം വർധിച്ചതായും കലങ്ങിയതായും കണ്ടു. അയല്‍ക്കാരെ വിവരമറിയിച്ച് അവര്‍കൂടി എത്തി പരിശോധിച്ചപ്പോഴാണ് പ്രത്യേക ശബ്ദത്തോടെ വെള്ളം കൂടിവരുന്നതായി കണ്ടെത്തിയത്. പാറപ്രദേശത്തുള്ള 80 വര്‍ഷത്തിലേറെ പഴക്കം കരുതുന്ന കിണറിന് 10 കോല്‍ ആഴമുണ്ട്. സമീപത്തെ മറ്റു കിണറുകളിലൊന്നും വെള്ളത്തി​െൻറ വിതാനത്തിന് വ്യത്യാസമുണ്ടായിട്ടില്ല. ഇന്ന് പുലര്‍ച്ചക്ക് പ്രദേശത്ത് ശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നു. ഇതുകൊണ്ട് പാറകള്‍ക്ക് സംഭവിച്ച വിള്ളലുകളാണോ ജലലഭ്യതക്ക് കാരണമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. വിവരമറിഞ്ഞ് നിരവധി ആളുകൾ കിണര്‍ കാണാന്‍ പച്ചിലക്കാേട്ടക്ക് എത്തുന്നുണ്ട്. ഉച്ചയോടെ പുതുതായി കണ്ട ഉറവയില്‍നിന്ന് വെള്ളം വരുന്നത് നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.