കല്ലാച്ചിയിൽ ആർ.എസ്.എസ് കാര്യാലയത്തിന് സമീപം ഐ.ഇ.ഡി ബോംബ് കണ്ടെത്തി

നാദാപുരം: കല്ലാച്ചിയിൽ ആർ.എസ്.എസ് കാര്യാലയത്തിന് സമീപം ഉഗ്രസ്ഫോടന ശേഷിയുള്ള ഐ.ഇ.ഡി ബോംബ് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബോംബ് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരത്തുനിന്ന് പൊലീസ് എത്തി ബോംബ് സ്റ്റേഷനിലേക്ക് മാറ്റി. കണ്ണൂർ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡ്, റൂറൽ എസ്.പിയുടെ ബോംബ് സ്ക്വാഡ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി. രണ്ട് പി.വി.സി പൈപ്പുകൾ ചേർത്തുവെച്ച് വെടിമരുന്നുകൾ നിറച്ച് ബാറ്ററികളുമായി കൂട്ടിയോജിപ്പിച്ച നിലയിലായിരുന്നു ബോംബ്. വെടിമരുന്ന് നിറച്ച പൈപ്പുകളോട് ചേർന്ന് രണ്ട് സ്വിച്ചുകളുണ്ടായിരുന്നു. ചേലക്കാട് ക്വാറിയിലെത്തിച്ച് ബോംബ് സ്ക്വാഡ് ബോംബുമായി കൂട്ടിയോജിപ്പിച്ച വയറുകൾ ഏറെ സമയത്തെ പരിശ്രമത്തിനു ശേഷം വിച്ഛേദിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച പൈപ്പുകളിലേക്ക് വൈദ്യുതി കടത്തിവിട്ടാണ് നിർവീര്യമാക്കിയത്. വെടിമരുന്നു നിറച്ച ഒരു െപെപ്പ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചതോടെ മറ്റൊന്ന് ബോംബ് സ്ക്വാഡ് ഏറെ പണിപ്പെട്ട് അഴിച്ചെടുത്ത് നിർവീര്യമാക്കുകയായിരുന്നു. മേഖലയിൽനിന്ന് നേരത്തേ അഞ്ചിടങ്ങളിൽനിന്ന് സമാന രീതിയിലുള്ള ബോംബ് പൊലീസ് കണ്ടെടുത്തെങ്കിലും രണ്ടെണ്ണത്തിനാണ് സ്ഫോടന ശേഷിയുള്ളത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്. ഷാജി, ബോംബ് സ്ക്വാഡ് സി.ഐ രാമചന്ദ്രൻ, എ.എസ്.ഐ ടി.കെ. രാജേഷ്, എൻ. അനിൽ, മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോംബ് നിർവീര്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.