സര്‍ഗാത്മകതയുടെ വസന്തോത്സവത്തിന് തുടക്കം

ഗുരുവായൂര്‍: സര്‍ഗാത്മകതയുടെ വസന്തോത്സവത്തിന് 'കോവില​െൻറ തട്ടക'ത്ത് തുടക്കമായി. പ്രശസ്ത നോവലിസ്റ്റായ കോവില​െൻറ ജന്മഗൃഹത്തിന് തൊട്ടടുത്ത അരിയന്നൂർകുന്ന് ഇനി അഞ്ചുനാൾ കലയുടെ 'മേളപ്പെരുക്ക'ത്തിലമരും. കാലിക്കറ്റ് സര്‍വകലാശാലയുടെ ഇൻറര്‍സോണ്‍ കലോത്സവം 'മേളപ്പെരുക്ക'ത്തി​െൻറ സ്റ്റേജ് ഇതര മത്സരങ്ങളാണ് ചൊവ്വാഴ്ച തുടങ്ങിയത്. വ്യാഴാഴ്ച സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങും. കലോത്സവത്തി​െൻറ ഔപചാരിക ഉദ്ഘാടനവും വ്യാഴാഴ്ചയാണ്. സര്‍വകലാശാലക്ക് കീഴിലെ കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട് സോണുകളില്‍ നിന്നായി അയ്യായിരത്തഞ്ഞൂറോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ആദ്യ ദിനത്തില്‍ നാല് മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 10 പോയൻറുമായി തൃശൂര്‍ കേരളവർമയാണ് മുന്നില്‍. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌ക്കോ, ദേവഗിരി സ​െൻറ് ജോസഫ്, പാലക്കാട് യുവകേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസ് എന്നീ കോളജുകള്‍ക്ക് അഞ്ച് പോയൻറ് വീതമുണ്ട്. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാല് പോയൻറുണ്ട്. ഇൻറര്‍സോണില്‍ ഇന്ന് 9: മലയാളം, ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം, തമിഴ് പ്രസംഗങ്ങള്‍, ബാന്‍ഡ് മേളം. 11: പെയിൻറിങ് ഓയില്‍ കളര്‍, രംഗോലി, ക്വിസ്, സ്‌പോട്ട് ഫോട്ടോഗ്രഫി, എംബ്രോയിഡറി. 2: പെയിൻറിങ് വാട്ടര്‍ കളര്‍, ക്ലേ മോഡലിങ്, പൂക്കളം, സംവാദം. കടലും കടമ്പകളും കടന്ന് അവരെത്തി ഗുരുവായൂര്‍: ഉള്ളില്‍ അലയടിക്കുന്ന കലയുടെ കടലിരമ്പത്തി​െൻറ ആവേശത്തേരിലേറിയാണ് ലക്ഷദ്വീപില്‍ നിന്നുള്ള സംഘങ്ങൾ മത്സരത്തിനെത്തിയത്. ഒടുക്കം വരെ നിറഞ്ഞു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമിട്ടാണ് ആന്ത്രോത്ത്, കവരത്തി ദ്വീപുകളില്‍ നിന്നുള്ള സംഘം ശ്രീകൃഷ്ണ കോളജിലെത്തിയത്. കടമത്ത് ദ്വീപില്‍ നിന്ന് പുറപ്പെട്ട മറ്റൊരു സംഘം മംഗലാപുരത്തെത്തിയിട്ടുണ്ട്. അവര്‍ ബുധനാഴ്ച കലോത്സവ വേദിയിലെത്തും. മുപ്പതോളം പേരാണ് കടല്‍ കടന്ന് കലോത്സവത്തിനെത്തിയത്. ആന്ത്രോത്ത് പി.എം. സെയ്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ​െൻററിലെയും കവരത്തി കാലിക്കറ്റ് എജുക്കേഷന്‍ സ​െൻററിലെയും വിദ്യാര്‍ഥികളാണ് ആദ്യ സംഘത്തിലുള്ളത്. അധ്യാപികമാരായ കുന്നംകുളം സ്വദേശിനി സ്മിത പി. കുമാര്‍, മാള സ്വദേശിനി ദിവ്യരാജ് എന്നിവരും വിദ്യാര്‍ഥി സംഘത്തോടൊപ്പമുണ്ട്. ലക്ഷദ്വീപും വന്‍കരയുമായുള്ള അകലം ഇവരുടെ മത്സരങ്ങളിലും നിഴലിക്കുന്നുണ്ട്. സ്റ്റേജ് ഇതര മത്സരങ്ങളില്‍ മാത്രമാണ് ദ്വീപിലെ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉണ്ടാവുക. കോല്‍ക്കളിയിലും പങ്കെടുക്കാന്‍ ഒരുക്കം നടത്തിയതാണെങ്കിലും ടീമിലെ പലര്‍ക്കും കപ്പല്‍ ടിക്കറ്റ് കിട്ടാതെ വന്നതോടെ ആ മോഹം പൊലിഞ്ഞു. യാത്രാചെലവിന് ഫണ്ട് ലഭിക്കാത്തതും തടസ്സമായി. സെമസ്റ്റര്‍ സംവിധാനവും കലോത്സവ പങ്കാളിത്തത്തിന് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇൻറര്‍ സോണില്‍ ദ്വീപി​െൻറ പ്രാതിനിധ്യം ഇല്ലായിരുന്നു. യൂനിവേഴ്‌സിറ്റി യൂനിയ​െൻറ ഇടപെടല്‍ മൂലമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും ഇൻറര്‍സോണിലെത്താൻ അവസരം ലഭിച്ചത്. ഇപ്പോഴത്തെ സംഘത്തിലുള്ള ഷഹിന്‍ഷാ, കെ.സി.പി. റെയ്‌സ, അബു സാലിഹ് എന്നിവര്‍ കഴിഞ്ഞ വര്‍ഷവും ഇൻറര്‍സോണില്‍ പങ്കെടുത്തിരുന്നു. ലോകം ഐ.ടി വിപ്ലവത്തിലൂടെ കുതിക്കുമ്പോഴും തങ്ങള്‍ക്ക് ഫോണ്‍ വിളി പോലും പലപ്പോഴും സാധ്യമല്ലാത്ത അവസ്ഥയുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇൻറര്‍നെറ്റ് സേവനത്തി​െൻറ ലഭ്യതയും അപൂര്‍വമാണ്. അതിനാല്‍ പരസ്പരം ബന്ധപ്പെടാനാകുന്നില്ല. ദ്വീപിലെ കോളജുകളെ ബന്ധപ്പെടുത്തി സോണല്‍മത്സരം സംഘടിപ്പിക്കാനും യാത്രാസൗകര്യവും തടസ്സമാണ്. യൂനിയന്‍ പ്രതിനിധികള്‍ ദ്വീപിലെത്തി സ്‌ക്രീനിങ് നടത്തി ടീമുകളെ കണ്ടെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ലക്ഷദ്വീപ് സംഘത്തിന് കലോത്സവ സംഘാടക സമിതി സ്വീകരണം നല്‍കി. പ്രിന്‍സിപ്പല്‍ ഡി. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍പേഴ്‌സൻ പി. സുജ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ഷിഹാബ്, ശരത് പ്രസാദ്, കെ. സച്ചിന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന വേദിയില്‍ ലക്ഷദ്വീപ് കലകളുടെ താളം ഗുരുവായൂര്‍: ഇൻറര്‍സോണ്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ ലക്ഷദ്വീപിലെ തനത് കലകളുടെ താളമുയരും. ദ്വീപ്സമൂഹത്തിലെ പൊതുകലാരൂപമായ ഡോലിയും മിനിക്കോയ് ദ്വീപി​െൻറ മാത്രമായ ബാണ്ട്യ നൃത്തവുമാണ് അരങ്ങേറുക. ഡോലിയെന്ന വാദ്യോപകരണവും കിണ്ണാരം എന്നറിയപ്പെടുന്ന കൈമണിയും ഉപയോഗിച്ച് താളം പിടിച്ച് പ്രവാചക മദ്ഹുകള്‍ ഈണത്തില്‍ പാടുന്നതാണ് ഡോലി. മിനിക്കോയ് ദ്വീപില്‍ വെള്ളമെടുക്കാന്‍ കുടവുമായി പോകുമ്പോള്‍ നൃത്തം ചെയ്ത് പാടുന്ന കലാരൂപമാണ് ബാണ്ട്യ. മിനിക്കോയിയില്‍ മാത്രം ഉപയോഗിക്കുന്ന മഹല്‍ ഭാഷയിലാണ് ബാണ്ട്യയുടെ സംഗീതം. കവിത മത്സരത്തിലും കഠ്വ പ്രതിഷേധം ഗുരുവായൂര്‍: കവിത മത്സരത്തിലും കഠ്‌വയിലെ ക്രൂരതക്കെതിരായ പ്രതിഷേധം നുരഞ്ഞു. ദേശമെങ്ങും പ്രതിഷേധം അലയടിക്കുന്ന കഠ്‌വ സംഭവത്തെയാണ് മലയാള കവിത രചനക്ക് വിഷയമായി നല്‍കിയത്. 'ചീന്തിയെറിയപ്പെടുന്ന എട്ട് വയസ്സ്'എന്നതായിരുന്നു കവിതയുടെ വിഷയം. എട്ട് പേരാണ് മത്സരത്തിനുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.