കോഴിക്കോട്: ഗ്രാമ സ്വരാജ് അഭിയാനിെൻറ നേതൃത്വത്തിൽ 20ന് ഉജ്ജ്വലദിവസമായി ആചരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉജ്ജ്വല ദിവസ് ഭാഗമായി ഗ്രാമീണജനതയുടെ ഇടയിൽ സുരക്ഷിതവും സ്ഥിരവുമായ എൽ.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തൊട്ടാകെ 1500 എൽ.പി.ജി പഞ്ചായത്തുകൾ നടത്തും. ഇതിൽ കോഴിക്കോട് ജില്ലയിൽ 41 പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ മൂന്നിടത്തും പഞ്ചായത്തുകൾ നടത്തും. പഞ്ചായത്തുകളിൽ അംഗങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുക, സ്ത്രീകൾക്കിടയിൽ സുരക്ഷിതവും സുസ്ഥിരവുമായ എൽ.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുക, പരമാവധി ഉപയോക്താകളെ പദ്ധതിയിൽ അംഗമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. പൊതുമേഖലസ്ഥാപനമായ ഓയിൽ മാർക്കറ്റിങ് കമ്പനിയിലൂടെയാണ് പെട്രോളിയം മന്ത്രാലയം പദ്ധതി നടപ്പാക്കുക. പഞ്ചായത്തുകളിൽവെച്ച് അർഹരായവർക്ക് എൽ.പി.ജി കണക്ഷനുകൾ നൽകും. ഓരോ പഞ്ചായത്തിലും 500 സ്ത്രീകളെ പങ്കെടുപ്പിക്കും. ഇതിൽ 100 ഉപഭോക്താകൾക്കെങ്കിലും പുതിയതായി കണക്ഷൻ നൽകും. സുരക്ഷാരേഖകൾ, ഇൻഷുറൻസ് കാർഡുകൾ എന്നിവ വിതരണം ചെയ്യും. സീനിയർ മാനേജർ അലക്‌സ് മാത്യു, അസി. മാനേജർ ശ്രീനാഥ് ഗോപിനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.