പി.ജെ. ആൻറണിക്ക് ശ്രദ്ധാഞ്ജലിയുമായി നഗരം

കോഴിക്കോട്: വ്യവസ്ഥിതികളെയും യാഥാസ്ഥിതികതയെയും വെല്ലുവിളിച്ച് ഒരു കാലത്തി​െൻറ പ്രതിഷേധ ശബ്ദമായി മാറിയ അഭിനയ പ്രതിഭ പി.ജെ. ആൻറണിക്ക് ശ്രദ്ധാഞ്ജലിയൊരുക്കി ചിലങ്ക ഫ്ലോട്ടിങ് തിയറ്ററും നാടകപ്പുര കോഴിക്കോടും. ചിലങ്കയുടെ കീഴിൽ 'ഇങ്ക്വിലാബി​െൻറ മക്കൾ...മറവിയുടെ മറുപേര് മരണം' എന്ന പേരിൽ പി.ജെ. ആൻറണിയുടെ ജീവിതവും പോരാട്ടവും നാടകരൂപത്തിൽ അരങ്ങിലെത്തി. ചാക്കോ ഡി. അന്തിക്കാട് എഴുതിയ 'ഭരത് പി.ജെ. ആൻറണി: ജീവിതം ഒരാഹ്വാനം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബിച്ചൂസ് ചിലങ്ക, രചനയും സംവിധാനവും ചെയ്ത നാടകത്തിൽ പി.ജെയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള കാലഘട്ടമാണ് പറയുന്നത്. താര എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ പി.ജെ. ആൻറണിയുടെ ഇതിഹാസതുല്യ ജീവിതം അവതരിപ്പിക്കുകയാണ് നാടകം. പത്താംവയസ്സിൽ 'വേലക്കാരൻ' എന്ന നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നാടകരംഗത്തേക്കെത്തുന്ന പി.ജെ അക്കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ ശബ്ദമുയർത്തുന്നുണ്ട്. 'നിർമാല്യം' എന്ന ചിത്രത്തിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് മലയാളത്തിലേക്ക് ഭരത് അവാർഡ് എത്തിച്ച അഭിമാന മുഹൂർത്തവും നാടകത്തി​െൻറ ഭാഗമാണ്. വിനായക്, എം.വി. ബിനു, സി.പി. അനൂപ് എന്നിവരാണ് യഥാക്രമം അദ്ദേഹത്തി​െൻറ ബാല്യവും യൗവനവും വാർധക്യവും അരങ്ങിലെത്തിച്ചത്. പ്രമുഖ നാടകനടി എൻ.എസ്. താരയും മുഖ്യവേഷത്തിലെത്തി. പുതുതലമുറക്ക് അധികമൊന്നും അറിയാത്ത പി.ജെയുടെ ജീവിതവും ആശയാദർശങ്ങളും പരിചയപ്പെടുത്തുകയാണ് നാടകത്തിലൂടെയെന്ന് സംവിധായകൻ പറഞ്ഞു. നാടകാവതരണത്തി​െൻറ ഭാഗമായി സാംസ്കാരിക സദസ്സ് കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. മനുഷ്യൻ സ്വയം ആഴത്തിലറിയാനും ഇടക്കിടെ നമ്മെ നവീകരിക്കാനും സഹായിക്കുന്ന ഒരു വലിയ സാംസ്കാരിക ഇടപെടലാണ് നാടകം ചെയ്യുന്നതെന്ന് കെ.ഇ.എൻ പറഞ്ഞു. നാടകം കാണുമ്പോൾ നമ്മുടെ ഭാഷാ, വേഷം, ജാതി, മത സങ്കുചിതത്വങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് പറക്കാനാവുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. തമിഴ് നാടകപ്രവർത്തകൻ പ്രളയൻ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ആൻറണിയുടെ ശിഷ്യൻ കാർത്തികേയൻ അനുസ്മരണ പ്രഭാഷണം നടത്തി. ഓപൺ ഫോറത്തിൽ പ്രളയൻ, ബാബു പറശ്ശേരി, കുഞ്ഞിക്കണ്ണൻ വാണിമേൽ, ചാക്കോ ഡി. അന്തിക്കാട്, എ. രത്നാകരൻ, സുനിൽ നാഗംപാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.