പച്ചത്തേങ്ങക്ക് ​െറക്കോഡ്​ വില; കേര കര്‍ഷകര്‍ക്ക് ആശ്വാസം

ഉള്ള്യേരി: കേരകര്‍ഷകര്‍ക്ക് ആശ്വാസമായി പച്ചത്തേങ്ങ വില സര്‍വകാല റെക്കോഡിലേക്ക്. കിലോക്ക് 38 രൂപക്കാണ് ബുധനാഴ്ച കര്‍ഷകരില്‍നിന്ന് കച്ചവടക്കാര്‍ തേങ്ങ എടുത്തത്. ഒരാഴ്ച മുമ്പുവരെ കിലോക്ക് 33 രൂപ വരെയാണ് വിലയുണ്ടായിരുന്നത്. തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. അടുത്തകാലം വരെ തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകുന്ന പച്ചത്തേങ്ങ അവിടെവെച്ചു കൊപ്രയാക്കിയ ശേഷം കേരളത്തിലേക്കുതന്നെ തിരിച്ചെത്താറായിരുന്നു പതിവ്. എന്നാല്‍, മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാല്‍ ഇപ്പോള്‍ കേരളവിപണിയിലേക്കുള്ള കൊപ്രയുടെ വരവ് കുറഞ്ഞിട്ടുണ്ട്. 38 രൂപക്ക് എടുക്കുന്ന തേങ്ങ ചെറുകിട കച്ചവടക്കാരില്‍നിന്നും അമ്പതു പൈസ മുതല്‍ ഒരു രൂപവരെ അധികം നല്‍കിയാണ്‌ മൊത്തക്കച്ചവടക്കാര്‍ വാങ്ങുന്നത്. അതേസമയം, വില കുത്തനെ ഉയര്‍ന്നിട്ടും പ്രതീക്ഷിച്ചപോലെ തേങ്ങ ലഭിക്കുന്നിെല്ലന്നതാണ് അവസ്ഥ. തെങ്ങുകയറ്റ തൊഴിലാളികളെ സമയത്ത് കിട്ടാത്തതുകാരണം പലരും വര്‍ഷത്തില്‍ മൂന്നോ നാലോ തവണ മാത്രമാണ് തേങ്ങ പറിക്കുന്നത്‌. കൊപ്ര എടുത്തപടിക്ക് ക്വിൻറലിന് 12,000 രൂപയും ഉണ്ടകൊപ്രക്ക് 14,000 രൂപയും ആണ് വിപണി വില. തേങ്ങവില ഉയര്‍ന്നതോടെ വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയര്‍ന്നു. കിലോ വെളിച്ചെണ്ണയുടെ ചില്ലറ വിൽപന വില 195 രൂപക്ക് മുകളില്‍ എത്തിയിട്ടുണ്ട്. അതേസമയം, തേങ്ങയുടെ ലഭ്യത കുറഞ്ഞത്‌ ഗ്രാമീണ മേഖലയിലെ ചെറുകിട വെളിച്ചെണ്ണ മില്ലുടമകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലെ വില പെട്ടെന്ന് താഴാനുള്ള സാധ്യത കുറവാണെന്നാണ് ഈ മേഖലയിലെ വ്യാപാരികള്‍ നല്‍കുന്ന സൂചന. ഏതായാലും വിപണിയിലെ ഉയര്‍ന്ന വില കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ചത് തേങ്ങയുടെ ഉൽപാദന വര്‍ധനവിന് കാരണമാവുമെന്ന് കര്‍ഷകര്‍ക്ക് പ്രതീക്ഷയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.