സുരക്ഷ വീഴ്ച; മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് നോട്ടീസ്

കോഴിക്കോട്: സുരക്ഷസംവിധാനങ്ങളൊരുക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് (ഐ.എം.സി.എച്ച്) അഗ്നിശമനസേന നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ മതിയായ സുരക്ഷയൊരുക്കിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം പൂട്ടേണ്ടിവരുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷക്രമീകരണങ്ങൾ പ്രവർത്തനക്ഷമമല്ലെന്നും സ്ഥാപനത്തിന് അഗ്നിശമനസേനയുടെ എൻ.ഒ.സിയില്ലെന്നും നോട്ടീസിലുണ്ട്. ഇക്കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അഗ്നിശമന സേന അധികൃതർ അറിയിച്ചു. എന്നാൽ, 2013ൽ എൻ.ഒ.സിക്ക് അപേക്ഷിച്ചിരുന്നെന്നും ഫയർഫോഴ്സ് നൽകാത്തതിനാലാണ് വീഴ്ചപറ്റിയതെന്നുമാണ് ഐ.എം.സി.എച്ച് അധികൃതരുടെ വാദം. എൻ.ഒ.സിക്കായി നൽകിയ അപേക്ഷയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നെന്നും ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ആശുപത്രിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. സുരക്ഷസംവിധാനങ്ങൾ സ്ഥാപിച്ചവരെ വിളിച്ചുവരുത്തി അഗ്നിശമന സേനതന്നെ മൂന്നുവർഷം മുമ്പ് നേരെയാക്കിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആശുപത്രിയിലെ സുരക്ഷസംവിധാനങ്ങളൊന്നും പ്രവർത്തനക്ഷമമല്ല. ആശുപത്രി അധികൃതർ ആവശ്യപ്പെട്ടാൽ സുരക്ഷക്രമീകരണം ഒരുക്കിയവരെ സേന വിളിച്ചുവരുത്തി തുടർ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരുൺ ഭാസ്കറി​െൻറ നേതൃത്വത്തിലുള്ള അഗ്നിശമന സേന മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ഇവിടെ വർഷങ്ങൾക്കുമുമ്പ് വാട്ടര്‍ടാങ്ക്, ഫയര്‍ ഹൈഡ്രൻറ്, ഫയര്‍ അലാറം തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ലെന്നും സജ്ജീകരണങ്ങൾ പ്രവര്‍ത്തനക്ഷമമാണോയെന്ന പരിശോധന പോലും നടത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.