ബംഗളൂരുവിൽ മലയാളി ഖനി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പത്തുപേർ പിടിയിൽ

ബംഗളൂരു: മലയാളി ഖനി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഒരുകോടി ആവശ്യപ്പെട്ട കേസിൽ പത്തുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് പങ്കാളികളായ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. വർഷങ്ങളായി ശിവമോഗയിൽ ഖനന വ്യവസായം നടത്തുന്ന അടൂർ സ്വദേശി എൻ.എസ്. ഗണേഷിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. ബിസിനസ് പങ്കാളികളായ പത്തനംതിട്ട സ്വദേശി ബാബു പാറയിൽ (56), മകൻ പ്രഭ പാറയിൽ (27), വയനാട് സ്വദേശി സണ്ണി അബ്രഹാം (58) എന്നിവരും ക്വട്ടേഷൻ ഏറ്റെടുത്ത ബംഗളൂരു സ്വദേശി വെങ്കടേഷും സഹായികളുമാണ് അറസ്റ്റിലായത്. ഗണേഷുമായി ചേർന്ന് ബാബുവും സണ്ണിയും തുമകൂരുവിലും പരിസരപ്രദേശങ്ങളിലും പങ്കാളിത്തകൃഷി തുടങ്ങിയിരുന്നു. ഇതിനിടെ ഇവർക്കിടയിൽ തർക്കം പതിവായി. ഒടുവിൽ ബിസിനസ് പങ്കാളിത്തം ഒഴിയാനുള്ള ചർച്ചകൾക്കായി തിങ്കളാഴ്ച ഗണേഷിനെ നഗരത്തിലെ ശിവാനന്ദ സർക്കിളിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിൽ ഇവരുമായി സംസാരിക്കുന്നതിനിടെ ഒരുസംഘമെത്തി ഭീഷണിപ്പെടുത്തി ഗണേഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാജാജി നഗറിലെ ക്വട്ടേഷൻ സംഘത്തി​െൻറ കേന്ദ്രത്തിൽ എത്തിച്ച ഗണേഷിനോട് ഒരു കോടി രൂപയും കൃഷിഭൂമിയുടെ രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കൈമാറാമെന്ന ഉറപ്പിലാണ് ഗണേഷിനെ സംഘം വിട്ടയച്ചത്. ഗണേഷ് അന്നുതന്നെ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. തൊട്ടടുത്ത ദിവസം ഗണേഷ് മഫ്തി പൊലീസി​െൻറ സഹായത്തോടെ ക്വട്ടേഷൻ സംഘത്തി​െൻറ കേന്ദ്രത്തിലെത്തിയാണ് ഇവരെ പിടികൂടിയത്. സംഘത്തെ ചോദ്യം ചെയ്തതോടെയാണ് മലയാളികളുടെ പങ്ക് വെളിപ്പെടുന്നത്. പിന്നാലെ പൊലീസ് മൂവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്തു. ബാബു പാറയിലിനെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.