കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളായ കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപ്പാറ, ചെമ്പനോട, കാവിലുംപാറ, തിരുവമ്പാടി, പുതുപ്പാടി, കക്കാടംപൊയിൽ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് കർഷകരെ വനം കൈയേറ്റക്കാരായി മുദ്രകുത്തി കുടിയിറക്കാനുള്ള ഡി.എഫ്.ഒ യുടെ നീക്കം മേഖലയിലെ സമാധാനത്തിന് ഭംഗം വരുത്തുമെന്നും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കുടിയിറക്ക് വിശുദ്ധ സംയുക്ത കർഷക സമിതി ജില്ല ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. 1940 മുതൽ 80 വർഷങ്ങളായി സർക്കാർ നൽകിയ ആധാരം, പട്ടയം, നികുതിശീട്ട്, കൈവശ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ റവന്യൂ രേഖകളോടും കൂടി കൈവശം വെച്ചും കൃഷി ചെയ്തും വീട്വെച്ചും ജീവിക്കുന്നവരെ കുടിയിറക്കാനുള്ള ഡി.എഫ്.ഒ യുടെ നടപടി ഉടൻ നിർത്തണം. കഴിഞ്ഞവർഷം ആഗസ്റ്റിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർക്കാർ ഉന്നതതല യോഗ തീരുമാനമനുസരിച്ച് മൂന്നുമാസം കൊണ്ട് നടപ്പാക്കാൻ ഡി.എഫ്.ഒ ക്ക് നിർദേശം നൽകിയ ജോയൻറ് വെരിഫിക്കേഷൻ 14 മാസങ്ങൾ കഴിഞ്ഞിട്ടും നടത്താതെ ഏകപക്ഷീയമായി കർഷകർക്ക് കുടിയിറക്ക് നോട്ടീസ് നൽകിയ നടപടി അന്വേഷണ വിധേയമാക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. 'നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനും വേണ്ടി' മലയോര കർഷകർ ഒക്ടോബർ 25 ന് നടത്തുന്ന ഡി.എഫ്.ഒ ഒാഫിസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംയുക്ത സമര സമിതി ചെയർമാൻ ടി.കെ. ജോസ് തടത്തിൽ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഒ.ഡി. തോമസ്, ജോയി കണ്ണംചിറ, സണ്ണി പാരഡൈസ്, മാർട്ടിൻ തോമസ്, അശോകൻ കുറുങ്ങോട്ട്, ബെന്നി വെളിയത്ത്, ജോസ് തോമസ്, ഫിലിപ്പ് തൈപ്പറമ്പിൽ, സെബാസ്റ്റ്യൻ മണലോടി, ബോസ് വട്ടമറ്റം, വി. ഇബ്രാഹിം, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.