നടുവണ്ണൂർ: കോട്ടൂരിലെ ക്ഷീര കർഷകർക്ക് സഹായങ്ങളുമായി കോട്ടൂർ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. സുരക്ഷിത പാലുൽപാദനം ലക്ഷ്യമിട്ട് പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'മിഷൻ സേഫ് മിൽക്ക് കോട്ടൂർ' പദ്ധതിയിൽ ഉൾപ്പെട്ട ക്ലസ്റ്ററുകൾക്ക് പാലുൽപാദന കിറ്റുകൾ, മിൽകിങ് പാർലർ സാമഗ്രികൾ എന്നിവ നൽകിത്തുടങ്ങി. സുരക്ഷിതമായി പാലുൽപാദിപ്പിക്കാൻ ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അവിടനല്ലൂർ ക്ഷീര സംഘത്തിലെ നരയംകുളം സേഫ് മിൽക്ക് ക്ലസ്റ്ററിലെ അംഗങ്ങൾക്കാണ് സാമഗ്രികൾ നൽകിയത്. കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ഷീജ ഉപകരണങ്ങൾ വിതരണം ചെയ്തു. സുരക്ഷിത പാലുൽപാദന പരിശീലനങ്ങൾ ലഭിച്ച ശേഷം വ്യക്തിശുചിത്വ ആവരണങ്ങൾ ധരിച്ച് ശ്രദ്ധയോടെ കറവ നടത്തുന്ന രീതിയാണ് 'മിഷൻ സേഫ് മിൽക്ക് കോട്ടൂർ' പദ്ധതി. പദ്ധതി പ്രകാരം സുരക്ഷിതമായി പാലുൽപാദനം നടത്തുന്ന കർഷകർക്ക് രണ്ടാം ഘട്ടത്തിൽ തൊഴുത്തു നവീകരണത്തിനും ചാണകം സംസ്കരിച്ചു വളമാക്കുന്നതിനുമുള്ള സഹായങ്ങളും സൗജന്യ മരുന്നും വർഷം തോറും നൽകാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. പഞ്ചായത്തിലെ മറ്റു സൊസൈറ്റികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും 'ഏറ്റവും സുരക്ഷിതമായ പാൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്' ആക്കി കോട്ടൂർ പഞ്ചായത്തിനെ മാറ്റുകയും ആണ് ലക്ഷ്യമിടുന്നത്. ശുദ്ധമായ പാലുൽപാദനത്തിന് ആവശ്യമായ ഇരുപതോളം സാമഗ്രികൾ ആണ് നൽകിയത്. മലബാർ മിൽമയും വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ വൺ ഹെൽത്ത് ശാഖയും ക്ഷീര വികസന വകുപ്പും പദ്ധതി വിജയിപ്പിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. കോട്ടൂരിൽ 'ഫാഷിസ്റ്റ് വിരുദ്ധ കൈചാർത്ത്' നടുവണ്ണൂർ: മത വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ യുവത ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ കൈച്ചാർത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അസ്കർ വാകയാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് രംഗീഷ് കുമാർ, പ്രിയേഷ് തിരുവോട്, ഷൗക്കത്തലി വാകയാട്, സി.കെ. അഖിൽ, ബിയേഷ് തിരുവോട്, പി.സി. മിഥുൻ, വിഘ്നേഷ് കൂട്ടാലിട, ബിനീഷ് അത്തൂനി, ഉണ്ണി അച്ചുത്വിഹാർ, കെ.ഇ. ശ്രീധരൻ, കെ. രാഘവൻ, മനോജ് കോട്ടൂർ, കെ. വിജയൻ എം.കെ. സിജി, യു.ടി. ബേബി എന്നിവർ സംസാരിച്ചു. ലേഖന മത്സരത്തിൽ ദിൽറുബക്ക് ഒന്നാം സ്ഥാനം നടുവണ്ണൂർ: താഴ്വാരം റസിഡൻസ് അസോസിയേഷൻ നടുവണ്ണൂർ, ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിൽ സി.കെ. ദിൽറൂബ (വാകയാട് എച്ച്.എസ്.എസ്) ഒന്നാം സ്ഥാനം നേടി. ഷിബില ഫാത്തിമ, ആയിഷ നബില, ഫിസ ഫാത്തിമ എന്നിവർ മറ്റു സമ്മാനങ്ങൾക്കും അർഹരായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സമ്മാനങ്ങൾ വിതരണം ചെയ്തു. താഴ്വാരം കുടുംബാഗമായിരുന്ന ചാലിൽ മുഹമ്മദ് കോയയുടെ മരണത്തിൽ യോഗം അനുശോചിച്ചു. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. എ.എം. ആണ്ടി, സി.കെ. അമ്മത്, സി. അമ്മത് കുട്ടി, കെ.പി. ഹസ്സൻ ഹാജി, ഒ.എം. കൃഷ്ണകുമാർ, സി.കെ. ഹാജറ ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഫരീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.