കോഴിക്കോട്: ജില്ലയിൽ ഇൗ മാസം മാത്രം 11 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 109 പേർക്ക് രോഗം ബാധിച്ചതായി സംശയമുണ്ട്. തിങ്കളാഴ്ച മാത്രം നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂരാച്ചുണ്ടിൽ രണ്ടുപേർക്കും വടകരയിലും കോർപറേഷൻ പരിധിയിലും ഒാരോരുത്തർക്കും വീതമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രാമനാട്ടുകര, ഇരിവെള്ളൂർ, കുളത്തൂർ, കുന്നത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കി സ്ഥിരീകരിച്ചത്. കാക്കൂർ, കൂരാച്ചുണ്ട്, രാമനാട്ടുകര ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ആറുപേർ എച്ച്1എൻ1 ബാധ സംശയിക്കുന്ന നിലയിലാണ്. ഇതിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. 23 പേർക്ക് ചിക്കൻപോക്സും നാലുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. നാലുപേർക്ക് എലിപ്പനി സംശയിക്കുന്നുണ്ട്. ഹെപറ്റൈറ്റിസ് എ രണ്ടുപേർക്കും ഹെപറ്റൈറ്റിസ് ബി ഒരാൾക്കും ബാധിച്ചു. 3029 പേർ വിവിധയിടങ്ങളിൽ പനി ബാധിച്ച് ചികിത്സ തേടി. ഇതിൽ 100ലേറെ പേരെ കിടത്തിചികിത്സക്ക് വിധേയരാക്കി. തിങ്കളാഴ്ച മാത്രം പനി ബാധിച്ചെത്തിയത് 734 പേരാണ്. 888 പേർ വയറിളക്കം ബാധിച്ച് ആശുപത്രികളിലെത്തി. ഞായറാഴ്ച തിരുവമ്പാടിയിൽ ഡെങ്കിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന യുവാവ് മരിച്ചിരുന്നു. ഇതേത്തുടർന്ന് ആരോഗ്യ പ്രവർത്തകർ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. കൊതുകുകളുടെ ഉറവിട നശീകരണത്തിലൂടെ ഡെങ്കിപ്പനിയുൾെപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ എല്ലാവരും തയാറാവണമെന്ന് ഡി.എം.ഒ ഡോ. ആശാദേവി പറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നത് തടയുകയും ആഴ്ചയിലൊരു ദിവസം വീട്ടിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും കൊതുകിനെ തുരത്താനുള്ള ഡ്രൈ ഡേ ആചരിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.