പേരാമ്പ്ര: സി.പി.എം^ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന പാലേരിയിൽ ആക്രമണത്തിന് ശമനമില്ല. ബുധനാഴ്ച അർധരാത്രി രണ്ടുപേരുടെ കാർഷികവിളകൾ വെട്ടിനശിപ്പിച്ചു. തരിപ്പിലോട് തെരുവത്തെ പറമ്പത്ത് രാജെൻറയും മനത്താനത്ത് ഗംഗാധരെൻറയും കൃഷിയാണ് നശിപ്പിച്ചത്. രാജെൻറ അമ്പതോളം വാഴകളും നിരവധി തെങ്ങിൻ തൈകളും നശിപ്പിച്ചപ്പോൾ ഗംഗാധരെൻറ 20 വാഴകളാണ് നശിപ്പിച്ചത്. ഇരുവരും ബി.ജെ.പി അനുഭാവികളാണ്. തിങ്കളാഴ്ച രാത്രി ബി.ജെ.പി പ്രവർത്തകെൻറ ബേക്കറിക്ക് നേരെ ആക്രമണം നടത്തി മൂന്നുപേരെ മർദിച്ചതിനെ തുടർന്നാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രി സി.പി.എം പ്രവർത്തകൻ ആപ്പറ്റ ചന്ദ്രെൻറ കാർഷികവിളകൾ വെട്ടിനശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ പാലേരിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞു. ലോക്കൽ സെക്രട്ടറി മരുതേരി വിശ്വനാഥൻ മാസ്റ്ററുടെ വീടിന് കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ സർവകക്ഷി സമാധാനയോഗം വിളിച്ചെങ്കിലും സി.പി.എമ്മും പൊലീസും പങ്കെടുത്തിരുന്നില്ല. ബേക്കറി തകർത്തതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ഹരികൃഷ്ണൻ, ബബിൻ രാജ്, ബാബു, ശ്രീജേഷ് എന്നിവർക്കും കണ്ടാലറിയുന്ന ഒരാൾക്കുമെതിരെയാണ് കേസെടുത്തത്. പാർട്ടി ഓഫിസും വീടും ആക്രമിച്ചവരെ പിടിക്കാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.