കോഴിേക്കാട്: പതിറ്റാണ്ടുകളായി വൃക്ഷകവചങ്ങളിൽ (ട്രീഗാർഡ്) കുടുങ്ങി വളർച്ചനിലച്ച വൃക്ഷങ്ങൾക്ക് മോചനവുമായി പരിസ്ഥിതി പ്രവർത്തകർ. നഗരത്തിലെ വിവിധയിടങ്ങളിലെ 30ഓളം വൃക്ഷങ്ങൾക്കാണ് ഇവരുടെ ഇടപെടൽമൂലം ‘സ്വാതന്ത്ര്യം’ കിട്ടിയത്. ഡ്രീം ഓഫ് അസ് എന്ന സാമൂഹികപ്രവർത്തകരുടെ കൂട്ടായ്മയും ഗ്രീൻ എൻവിറോൺ, ഗ്രീൻ കമ്യൂണിറ്റി എന്നീ പരിസ്ഥിതി കൂട്ടായ്മകളും ചേർന്നാണ് പരിസ്ഥിതിദിനത്തിെൻറ ഒരുനാൾ മുമ്പേ വൃക്ഷസംരക്ഷണയജ്ഞവുമായി മുന്നോട്ടുവന്നത്. ജില്ല കോടതി, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, എം.സി.സി ബാങ്ക് പരിസരം, സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലുള്ള മരങ്ങളാണ് ട്രീഗാർഡിൽനിന്ന് മോചിക്കപ്പെട്ടത്. രാവിലെ 7.30ന് കോടതിവളപ്പിൽ നിന്നുതുടങ്ങിയ യജ്ഞം വൈകീട്ട് മൂന്നിന് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പ്രഫ. ടി. ശോഭീന്ദ്രെൻറ നേതൃത്വത്തിലാണ് 40 വർഷത്തോളം പഴക്കമുള്ള വൃക്ഷങ്ങളെവരെ മോചിപ്പിച്ചത്. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് അവ സംരക്ഷിക്കുന്നതെന്നും എന്ന ആശയത്തിൽനിന്നാണ് ഈ യജ്ഞം നടപ്പാക്കിയതെന്ന് പ്രമോദ് മണ്ണടത്ത് പറഞ്ഞു. കെ.എസ്. സുഖദേവ്, ആർ.എസ്. രതീഷ് എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.