റോഡരികിൽ ബാർബർഷോപ് മാലിന്യം തള്ളിയ സംഭവം: പ്രതിയെ പൊലീസ് പൊക്കി കരാർ കൊടുത്തയാളെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ചു തിരുവമ്പാടി: റോഡരികിൽ ബാർബർഷോപ് മാലിന്യം തള്ളിയ സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരാൾ െപാലീസ് പിടിയിലായി. മാലിന്യം തള്ളാൻ കരാർ കൊടുത്ത കൊടിയത്തൂർ സ്വദേശി ബഷീറാണ് പൊലീസ് പിടിയിലായത്. ഇയാളെക്കൊണ്ട് നാട്ടുകാരും പൊലീസും ചേർന്ന് തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. മുക്കത്തെ ബാർബർഷോപ്പുകളും ബ്യൂട്ടി പാർലറും ഉൾപ്പെടെ നാല് കടകളുടെ ഉടമകൾ, മാലിന്യം തള്ളിയ സക്കീർ എന്നിവർക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ കേസെടുത്തതായി മുക്കം എസ്.ഐ അഭിലാഷ് 'മാധ്യമ'ത്തോടു പറഞ്ഞു. ഒരു ഗുഡ്സ് ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് കടകൾക്കും നഗരസഭ 25,000 രൂപ പിഴ ചുമത്തി. വെള്ളിയാഴ്ച രാവിലെയാണ് തിരുവമ്പാടി --ഓമശ്ശേരി റോഡിലും തോട്ടത്തിൻകടവ് -പച്ചക്കാട് റോഡിലും ബാർബർഷോപ്പുകളിലെ മുടിമാലിന്യം ചാക്കിൽകെട്ടി തള്ളിയ നിലയിൽ കണ്ടത്. വ്യാഴാഴ്ച രാത്രി വാഹനത്തിൽ കൊണ്ടുവന്ന് റോഡരികിൽ തള്ളിയതായിരുന്നു ഇത്. മാലിന്യം തള്ളിയവരെ കണ്ടെത്താൻ നടപടി സ്വീകരിക്കാത്തതിനാൽ ശനിയാഴ്ച നാട്ടുകാർ നഗരസഭ അധ്യക്ഷനെയും ആരോഗ്യ വകുപ്പ് അധികൃതരെയും കല്ലുരുട്ടിയിൽ തടഞ്ഞിരുന്നു. തുടർന്നാണ് മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. മാലിന്യ ചാക്കിൽനിന്ന് ലഭിച്ച മുക്കത്തെ ബ്യൂട്ടി പാർലറിെൻറ പേരിൽനിന്നാണ് മാലിന്യം തള്ളിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ബാർബർഷോപ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച മുടിമാലിന്യം 39 ചാക്കുകളിലായാണ് വിവിധ സ്ഥലങ്ങളിൽ തള്ളിയിരുന്നത്. ഇതിനിടെ, മുടിമാലിന്യത്തിൽ തെന്നി ബൈക്ക് മറിഞ്ഞ് പച്ചക്കാട് സ്വദേശിയായ നസീഫിന് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.