നവീകരണം കാത്ത് റെയില്‍വേ മൈതാനം

കോഴിക്കോട്: റെയില്‍വേ മൈതാനം നവീകരിക്കുന്നത് വൈകുന്നു. നാലാം പ്ളാറ്റ്ഫോമിന് പിന്നില്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തുള്ള മൈതാനത്തിന്‍െറ നവീകരണമാണ് നീളുന്നത്. ഒളിമ്പ്യന്‍ റഹ്മാന്‍, സെയ്ദ് മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പന്തുതട്ടുകയും കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എം.എസ്. ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്നുകള്‍ക്കും നെല്ലിക്കോട് ഭാസ്കരന്‍ ഉള്‍പ്പെടെ പ്രമുഖരുടെ നേതൃത്തില്‍ ഒട്ടനവധി നാടകങ്ങള്‍ക്കും വേദിയായതാണ് ഈ മൈതാനം. നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാതായതോടെ മൈതാനത്തിന്‍െറ വശങ്ങളിലാകെ കാടുപടര്‍ന്നു കിടപ്പാണിപ്പോള്‍. പലഭാഗത്തായി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറുഭാഗത്ത് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരും പുറത്തുനിന്നുള്ളവരും ഇവിടം താവളമാക്കുകയാണ്. തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. മൈതാനം നവീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. അതിനിടെ, റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ പുറത്തിറക്കിയ ‘കാലിക്കറ്റ് റെയില്‍ മ്യൂസിങ്ങ്സ്’ കലണ്ടര്‍ പ്രകാശന വേളയില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പല നവീകരണ പ്രവര്‍ത്തനങ്ങളും നടന്നെങ്കിലും മൈതാനത്തിന് ഒരുമാറ്റവുമുണ്ടായില്ളെന്നും ഇത് നവീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചടങ്ങ് കഴിഞ്ഞ ഉടന്‍ പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ്ലാന്‍വാണി മൈതാനം സന്ദര്‍ശിക്കുകയും നവീകരിക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പുപറയുകയുമുണ്ടായി. എന്നാലിക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. റെയില്‍വേയുടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെ ടീമുകളാക്കി റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇവിടെ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നടത്തിയിരുന്നു. ഉയര്‍ച്ചതാഴ്ചകള്‍ ഇല്ലാതാക്കി പൂര്‍ണമായും പുല്ല് വിരിക്കണമെന്നും മൈതാനത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് ഗാലറികെട്ടണമെന്നുമാണ് പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.