വളയം: മഞ്ചാന്തറയിലുണ്ടായ ഭൂചലനത്തിൽ 12 വീടുകൾക്കുകൂടി തകരാർ കണ്ടെത്തി. പള്ളിക്കണ്ടത്തിൽ കുഞ്ഞിക്കണ്ണൻ, ചെരിഞ്ഞപറമ്പത്ത് ചന്ദ്രൻ, സജിത്, സദാനന്ദൻ, നെല്ലിയുള്ളതിൽ വേണുഗോപാലൻ, തട്ടോറോൽ കണാരൻ, ബാബു, കിഴക്കെ പൂവുള്ളചാലിൽ സജീവൻ, നിരത്തരികത്ത് ബാബു, പള്ളിക്കണ്ടത്തിൽ പ്രഭാകരൻ, തട്ടോറോൽ നാണു, മഞ്ചാന്തറ കടുങ്ങ്യേൻ എന്നിവരുടെ വീടുകൾക്കാണ് വിള്ളൽ വീണത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ നേരിയ ഭൂചലന മുണ്ടായത്. രണ്ടു കടകളുടെയും ഒരു വീടിെൻറയും ചുമരുകൾക്ക് വിള്ളൽ വീണതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവമറിഞ്ഞ് മറ്റു വീട്ടുകാർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വീടുകൾക്ക് വിള്ളൽ വീണതായി കണ്ടത്. മുഴക്കത്തോടെയുണ്ടായ ഭൂചലനം മേഖലയിൽ പരിഭ്രാന്തി പടർത്തിയിരുന്നു. ഇ.കെ. വിജയൻ എം.എൽ.എ, അഡീ. തഹസിൽദാർ കെ.കെ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി. ഭൗമവിദഗ്ധർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി, വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ, പി.പി. ചാത്തു, എം. ദിവാകരൻ എന്നിവർ വീടുകൾ സന്ദർശിച്ചു. വളയം മഞ്ചാന്തറയിൽ ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുകളുണ്ടായ സംഭവത്തിൽ ഭൗമവിദഗ്ധർ പരിശോധന നടത്തണമെന്നും ജനങ്ങളുടെ ഭീതിയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.