കൊടുവള്ളി: കൊടുവള്ളി പി.എസ്.കെ കോംപ്ലക്സ് ഉടമ കൊടുവള്ളി പൊയിൽ വീട്ടിൽ ഷൗക്കത്തലിയെ ആക്രമിച്ച കേസിലെ പ്രതികളായ നാലംഗ മയക്കുമരുന്ന് സംഘത്തെ പൊലീസ് ഉടൻ പിടികൂടണമെന്ന് ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തത് സംശയം ജനിപ്പിക്കുന്നതാണ്. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായിക്കുന്ന നിലപാടാണ് പൊലീസ് ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഇ.കെ. മുഹമ്മദ്, സെക്രട്ടറി കെ.കെ. ഹംസ, ട്രഷറർ പി.സി. ജമാൽ എന്നിവർ പങ്കെടുത്തു. കെട്ടിട ഉടമയുടെ കാൽ തല്ലിയൊടിച്ച സംഭവം: പ്രതികളെ പിടികൂടാനായില്ല കൊടുവള്ളി: കൊടുവള്ളി പി.എസ്.കെ കോംപ്ലക്സ് ഉടമ കൊടുവള്ളി പൊയിൽവീട്ടിൽ ഷൗക്കത്തലിയെ ക്രൂരമായി മർദിക്കുകയും ഇടത് പാദം തല്ലിയൊടിക്കുകയും ചെയ്ത കേസിലെ പ്രതികളായ നാലംഗ മയക്കുമരുന്ന് സംഘത്തെ പൊലീസിന് പിടികൂടാനായില്ല. എന്നാൽ, കേസിലുൾപ്പെട്ട സംഘത്തെ ഉടൻ പിടികൂടുമെന്ന് കൊടുവള്ളി പൊലീസ് എസ്.ഐ എൻ. ബിശ്വാസ് പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയുന്ന നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ സംഘം മുൻകാലങ്ങളിൽ നടന്ന അടിപിടി, കഞ്ചാവ് കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതിനാൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വെണ്ണക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയ പൊലീസ് ഷൗക്കത്തലിയുടെ മൊഴിയെടുത്തു. ചികിത്സയിൽ കഴിയുന്ന ഷൗക്കത്തലിയുടെ കാലിന് ശസ്ത്രക്രിയ നടത്തി കമ്പിയിടണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ഷൗക്കത്തലിയെ മയക്കുമരുന്ന് സംഘം ആക്രമിച്ചത്. ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിട പരിസരത്തു നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതിനാണ് നാലംഗ മയക്കുമരുന്ന് സംഘം ഷൗക്കത്തലിയെ ആയുധങ്ങളുമായെത്തി ആക്രമിച്ചത്. ഇരുമ്പ് കമ്പിയുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താനായിരുന്നു അക്രമിസംഘം പദ്ധതിയിട്ടതെന്ന് ഷൗക്കത്തലി പറഞ്ഞു. ബോധം നഷ്ടപ്പെട്ട ഷൗക്കത്തലിയെ പൊലീസെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. മദ്യ-മയക്കുമരുന്ന് സംഘത്തെ തടയൽ; നഗരസഭ സർവകക്ഷി യോഗം നാളെ കൊടുവള്ളി: കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും മദ്യ--മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഇവരെ തടയുന്നതിെൻറ ഭാഗമായി കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോൺഫറൻസ് ഹാളിൽ സർവകക്ഷി യോഗം ചേരുമെന്ന് ഡെപ്യൂട്ടി ചെയർമാൻ എ.പി. മജിദ് മാസ്റ്റർ അറിയിച്ചു. യോഗത്തിൽ രാഷ്ട്രീയ മത- സാമൂഹിക സന്നദ്ധ സംഘടന ഭാരവാഹികൾ പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.