അഴിമതിക്കും അക്രമത്തിനുമെതിരെയുള്ള സമരത്തിൽ നേതൃത്വം പ്രവർത്തകർക്കൊപ്പമുണ്ടാകും -എം.ഐ. ഷാനവാസ് എം.പി മുക്കം: അഴിമതിക്കും അക്രമത്തിനുമെതിരെയുള്ള സമരത്തിൽ പ്രവർത്തകർ ഏതറ്റംവരെ പോയാലും കോൺഗ്രസ് നേതൃത്വം അവരോടൊപ്പമുണ്ടാകുമെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ മുക്കം മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പ്രവർത്തനക്ഷമമാക്കുക, കാലിക്കറ്റ് യൂനിവേഴ്സിറ്റി സബ് സെൻററിന് സ്ഥലം അനുവദിക്കുക, മുക്കം നഗരസഭയുടെ അനാസ്ഥയും അഴിമതിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എൻ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സമാപനം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ താൽപര്യത്തേക്കാൾ കെട്ടിട ഉടമകളുടെ താൽപര്യത്തിനാണ് സി.പി.എം പ്രാധാന്യം നൽകുന്നത്. അതുകൊണ്ടാണ് ജനങ്ങളുടെ നികുതിപ്പണംകൊണ്ടുണ്ടാക്കിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം മഴയും വെയിലുംകൊണ്ട് നശിക്കുന്നതിൽ അവർക്ക് ഒരു വേദനയുമില്ലാത്തതെന്ന് സിദ്ദീഖ് കുറ്റപ്പെടുത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഹബീബ് തമ്പി, സി.ജെ. ആൻറണി, എടക്കുനി അബ്ദുറഹ്മാൻ, മുക്കം ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ്, കൊടിയത്തൂർ മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ, കെ.എസ്.യു ജില്ല സെക്രട്ടറി മുഹമ്മദ് ദിഷാൽ, എം.കെ. മമ്മദ്, ടി.ടി. സുലൈമാൻ, രാജു കുന്നത്ത്, കൊറ്റങ്ങൽ സുരേഷ്ബാബു, സജീഷ് മുത്തേരി, ഓമനക്കുട്ടൻ, നിഷാബ് മുല്ലോളി, ജയപ്രഭാവതി കുറ്റിപ്പുറത്ത്, ഇ.പി. അരവിന്ദൻ എന്നിവർ സംസാരിച്ചു. ഹോട്ടലിലെ മലിനജലം റോഡിലേക്കൊഴുകുന്നതായി പരാതി മുക്കം: നോർത്ത് കാരശ്ശേരിയിൽ സംസ്ഥാന പാതയോരത്തെ ഹോട്ടലിലെ മാലിന്യടാങ്ക് നിറഞ്ഞൊഴുകുന്നതായി പരാതി. റോഡിലേക്കും അടുത്തുള്ള കടകളുടെ മുന്നിലേക്കുമൊക്കെ മഴവെള്ളത്തോടൊപ്പം മാലിന്യം പരന്നൊഴുകുന്നുണ്ട്. തിരക്കുള്ള റോഡരികിൽ ദുർഗന്ധം പരത്തുന്ന മാലിന്യം ആരോഗ്യത്തിന് ഭീഷണിയാണ്. പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധം മുക്കം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡൻറടക്കം മൂന്ന് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. എം.പി. ഫൈസൽ, സുഭിൻ കളരിക്കണ്ടി, സാദിഖ് കുറ്റിപറമ്പ്, കുഞ്ഞാലി, ശുക്കൂർ, അബൂബക്കർ സിദ്ദീഖ്, ജലീൽ അൽബയാൻ, നിഷാദ്, സുഭീഷ്, ജിനാസ്, അനസ്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.