മാവൂർ: ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷന് അനുയോജ്യമായ സ്ഥലം കണ്ടെത്തി. മാവൂർ --കോഴിക്കോട് റോഡരികിൽ കൽപള്ളി അങ്ങാടിയോടുചേർന്നുള്ള പൊതുമരാമത്ത് സ്ഥലത്താണ് ഫയർ സ്റ്റേഷന് സ്ഥിരം കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് സ്ഥലം ലഭ്യമാകുന്ന മുറക്ക് തുടർ നടപടി കൈക്കൊള്ളുമെന്ന് പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മാവൂർ -കോഴിക്കോട് മെയിൻ റോഡിന് വലതുവശത്തായി റീസർവേ 21/4ൽപെട്ട നിർദിഷ്ട സ്ഥലം കൽപള്ളി വയലിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വെറുതെ കിടക്കുന്ന സ്ഥലം നിലവിൽ ലോറികളും മറ്റും നിർത്തിയിടാനാണ് ഉപയോഗിക്കുന്നത്. സ്ഥലം കൈമാറുന്നതോടെ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുള്ള നടപടി തുടങ്ങും. ഇതിന് സമയമെടുക്കുമെന്നതിനാൽ ഈ നടപടിക്രമങ്ങൾ ഒരുഭാഗത്ത് പുരോഗമിക്കുമ്പോൾതന്നെ മാവൂരിൽ താൽക്കാലിക സംവിധാനമൊരുക്കി ഫയർ സ്റ്റേഷൻ തുടങ്ങുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. മാവൂർ - കൂളിമാട് റോഡിൽ സബ് ഹെൽത്ത് സെൻറർ പ്രവർത്തിച്ച കെട്ടിടത്തോട് ചേർന്ന സ്ഥലമാണ് സൗകര്യമൊരുക്കാൻ ഉദ്ദേശിക്കുന്നത്. ബിർളയുടെ കൈവശമുള്ള ഭൂമിയായതിനാൽ സ്ഥലം വിട്ടുകിട്ടുന്നതിന് മാനേജ്മെൻറിൽ നിന്ന് ഗ്രാമ പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ ഈ സ്ഥലം പരിശോധിച്ചിരുന്നു. നാട്ടുകാരുടെയും വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇവിടെ താൽക്കാലിക കെട്ടിടം പണിയാനാണ് തീരുമാനം. ഫയർ എൻജിൻ അടക്കമുള്ള വാഹനങ്ങൾ നിർത്താനും ജീവനക്കാർക്ക് താമസിക്കാനുമുള്ള സൗകര്യം ഇവിടെ താൽക്കാലികമായി ഒരുക്കും. കാടുമൂടികിടക്കുന്ന സ്ഥലം സ്വാതന്ത്ര്യദിനത്തിൽ വെട്ടിത്തെളിച്ച് ശുചീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മാവൂരിൽ ഫയർ സ്റ്റേഷൻ തുടങ്ങുന്നതോടെ മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയുടെ ചാലിയാർ തീരം അടക്കമുള്ള പ്രദേശത്തും പെട്ടെന്ന് എത്തിച്ചേരാനാവും. photo mvr fire station മാവൂർ കൽപള്ളിയിൽ ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷൻ പണിയാൻ കണ്ടെത്തിയ സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.