പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷവിതരണത്തിൽ അലംഭാവം: തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയിൽ ഇറങ്ങിപ്പോക്ക്

ആനുകൂല്യങ്ങൾക്കുള്ള അപേക്ഷവിതരണത്തിൽ അലംഭാവം: തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയിൽ ഇറങ്ങിപ്പോക്ക് തിരുവമ്പാടി: ജനകീയാസൂത്രണപദ്ധതിയിൽ ഉൽപാദനമേഖലയിലെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഗ്രാമസഭകളിൽ വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഗ്രാമസഭകൾ വീണ്ടും വിളിച്ച് ചേർത്ത് ഗുണഭോക്താക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകണമെന്ന തങ്ങളുടെ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. മൃഗസംരക്ഷണമേഖല യിലെ പദ്ധതികൾക്കാണ് ഗ്രാമസഭകളിൽ അപേക്ഷ വിതരണം ചെയ്യാതിരുന്നത്. ക്ഷീരഗ്രാമം പദ്ധതിയിൽ എസ്.സി, ജനറൽ വിഭാഗങ്ങൾക്ക് അപേക്ഷ വിതരണം ചെയ്തിട്ടില്ല. പാലിന് സബ്സിഡി, കന്നുകുട്ടി പരിപാലനം എന്നീ പദ്ധതികൾക്കും അപേക്ഷ നൽകാൻ ഗ്രാമസഭകളിൽ കഴിഞ്ഞിട്ടില്ല. കാർഷികപദ്ധതികളിൽ അർഹത മാനദണ്ഡമാക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടു. ജൂലൈ അഞ്ച് മുതൽ പതിനഞ്ച് വരെയായിരുന്നു ഗ്രാമസഭകൾ നടന്നത്. മൃഗസംരക്ഷണമേഖലയിലെ പദ്ധതികൾക്ക് അപേക്ഷകരെ കണ്ടെത്താനായി വീണ്ടും ഗ്രാമസഭകൾ വിളിച്ച് ചേർക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടോമി കൊന്നക്കൽ, ടി.ജെ. കുര്യാച്ചൻ, ബോസ് ജേക്കബ്, പൗളിൻ മാത്യു, ഓമന വിശ്വംഭരൻ ,റോബർട്ട് നെല്ലിക്ക തെരുവിൽ, വിൽസൺ .ടി .മാത്യു എന്നി യു.ഡി.എഫ് അംഗങ്ങളാണ് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.