നീ​ന​ക്ക്​ മാ​വോ നാ​ട്ടി​ലും മാ​സ്മ​രി​ക വി​ജ​യം

മേപ്പയൂർ: ദേശീയ കായികമേളയിൽ സ്വർണത്തിളക്കവുമായി ഇന്ത്യൻ കായിക ഭൂപടത്തിൽ മേപ്പയൂരിെൻറ നാമം എഴുതിച്ചേർത്ത വരകിൽ നീന ചൈനയിലും മാസ്മരിക വിജയം നേടി നാടിെൻറ അഭിമാനമായി. മാവോയുടെ നാട്ടിൽ നടന്ന ഏഷ്യൻ ഗ്രാൻപ്രീ അത്ലറ്റിക് മീറ്റിൽ വനിതകളുടെ ലോങ്ജംപിലാണ് നീനയുടെ സ്വപ്നനേട്ടം. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗ്രാൻപ്രീയിൽ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇല്ലായ്മകളുടെയും പരിമിതികളുടെയും ഗ്രാമീണ പരിസരത്തുനിന്ന് കഠിനാധ്വാനവും ഇച്ഛാശക്തിയും കൈമുതലാക്കി അഗ്നിപരീക്ഷകളെ അതിജീവിച്ചാണ് നീനയെന്ന ഗ്രാമീണ പെൺകൊടി ഭാരതത്തിെൻറ അഭിമാന താരമായി മാറിയത്. അവളുടെ സ്വപ്നങ്ങൾക്കൊപ്പം താങ്ങായിനിന്ന് അച്ഛൻ വരകിൽ നാരായണനും അമ്മ പ്രസന്നയും. ഹൈദരാബാദിൽ നടന്ന ദേശീയ സീനിയർ മീറ്റ്, ബംഗളൂരുവിൽ നടന്ന മൂന്നാം ഗ്രാൻപ്രീ, നാലാം ഗ്രാൻപ്രീ, തായ്ലൻഡ് ഓപൺ അത്ലറ്റിക്സ് എന്നിവിടങ്ങളിലെല്ലാം നീന സ്വർണം നേടിയിരുന്നു. ഒരു സീസണിൽ മാത്രം അഞ്ചു സ്വർണം നേടിയ നീനക്ക് റിയോ ഒളിമ്പിക്സ് നഷ്ടമായത് നേരിയ വ്യത്യാസത്തിലാണ്. ഇക്കഴിഞ്ഞ മാസം ഒമാനിൽ പരിശീലനത്തിന് പോയ നീന അവിടെനിന്നാണ് ചൈനയിലേക്ക് മത്സരത്തിൽ പങ്കെടുക്കാൻ പോയത്. താൽക്കാലികമായി കെട്ടിയ കൂരയിൽ ഇരുന്ന് സന്തോഷം പങ്കുവെക്കുകയാണ് നാരായണനും നീനയുടെ മാതാവ് പ്രസന്നയും സഹോദരി നീതുവും ഇളയമ്മ ശാന്തയും അവരുടെ ഭർത്താവ് ഗോപാലനും. ഇത്രയേറെ നേട്ടങ്ങൾ നാടിന് സ്വന്തം പേരിൽ നൽകിയ നീനക്കും കുടുംബത്തിനും സുരക്ഷിതമായി ഉറങ്ങാനോ കിട്ടിയ സ്വർണപ്പതക്കങ്ങൾ സൂക്ഷിക്കാനോ ഒരു വീടിെൻറ തണൽ ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മന്ത്രിമാരായ ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും വീട് സാധ്യമാക്കാൻ ശ്രമിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും നടന്നില്ല. പിന്നീട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ് വീട് നിർമിച്ച് നൽകാമെന്നേറ്റത്. മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ബിഷപ് സക്കറിയ മാർ തെയോഫിലോസ് നീനയുടെ വീട് സന്ദർശിച്ചാണ് ഭവനപദ്ധതി പ്രഖ്യാപിച്ചത്. 600 സ്ക്വയർ ഫീറ്റ് വീടിെൻറ പണി പുരോഗമിക്കുന്നുണ്ട്. മേയ് മാസത്തിനുള്ളിൽ താക്കോൽ നൽകാൻ കഴിയുമെന്ന് സഭയുടെ അധികാരികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.