താമരശ്ശേരി: ഡിപ്പോയിൽ കാലാവധി കഴിഞ്ഞ ബസുകൾക്ക് പകരം പുതുതായി അനുവദിച്ച രണ്ടു സൂപ്പർ എക്സ്പ്രസ് ബസുകൾ സ്ഥലം എം.എൽ.എക്ക് ഉദ്ഘാടനം ചെയ്യാനായി സർവിസ് നടത്താതെ പിടിച്ചിട്ടതുമൂലം വൻ നഷ്ടമുണ്ടാക്കിയതായി ആരോപണം. അനുവദിച്ച രണ്ടു ബസുകളും ഞായറാഴ്ച രാവിലെതന്നെ ഡിപ്പോയിലെത്തിയിരുന്നു. ഒരു ബസ് ഞായറാഴ്ച വൈകീട്ടും രണ്ടാമത്തേത് തിങ്കളാഴ്ച വൈകീട്ടും സർവിസ് നടത്തേണ്ടതായിരുന്നു. ഞായറാഴ്ചതന്നെ സർവിസ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും എം.എൽ.എക്ക് അസൗകര്യമായതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പുതുതായി അനുവദിച്ച സർവിസല്ലാത്തതിനാൽ ഞായറാഴ്ച വൈകീട്ട് ഒരു ബസ് സർവിസ് തുടങ്ങാമെന്നും ഔപചാരിക ഉദ്ഘാടനം രണ്ടാമത്തെ ബസ് ഉപയോഗിച്ച് തിങ്കളാഴ്ച നടത്താമെന്നും ഒരു വിഭാഗം ജീവനക്കാർ നിർദേശിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. പകരം രണ്ട് ജീവനക്കാർക്ക് ഡ്യൂട്ടി നൽകി തൊട്ടിൽപാലം ഡിപ്പോയിൽനിന്ന് ഒരു പഴയ ബസ് വരുത്തി ഞായറാഴ്ച സർവിസ് നടത്തുകയായിരുന്നു. പുതുതായി അനുവദിച്ച ബസുകളിൽ ഒന്നുരണ്ടു ദിവസവും രണ്ടാമത്തെ ബസ് മൂന്നു ദിവസവും ഡിപ്പോയിൽ നിർത്തിയിട്ടാണ് ഉദ്ഘാടനം നടത്തിയത്. തൊട്ടിൽപാലത്തുനിന്ന് ബസ് എത്തിച്ച് ഒരു ദിവസം സർവിസ് നടത്തിയശേഷം തിരിച്ച് തിരികെയെത്തിക്കുമ്പോൾ വരുന്ന ചെലവ് 10,000 രൂപയിലധികമാണ്. നാലു ജീവനക്കാരുടെ ശമ്പളവും 100ൽ അധികം കിലോമീറ്റർ ഓടാനുള്ള ഇന്ധനവും മറ്റു ചെലവുകളും കണക്കാക്കുമ്പോൾ നഷ്ടം ഇതിലും കൂടുതലാകും. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ പദ്ധതികളുമായി രംഗത്തുവരുന്ന അധികൃതർ ഇത്തരത്തിൽ നഷ്ടം വരുത്തിവെക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.