ഇല്ലാതായ കലാലയത്തിന്‍െറ ഓര്‍മയില്‍ അവര്‍ ഒത്തുകൂടി

മാവൂര്‍:ഏറെക്കാലം പ്രതാപത്തോടെയും ജില്ലയില്‍ തുടര്‍ച്ചയായി സമ്പൂര്‍ണ വിജയം നേടിയും പ്രവര്‍ത്തിച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സ്കൂളിന്‍െറ ഓര്‍മയില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. 2001ല്‍ ഗ്രാസിം ഫാക്ടറിക്ക് എന്നന്നേക്കുമായി താഴ് വീണതോടെ പ്രവര്‍ത്തനം നിര്‍ത്തിയ ഗ്വാളിയോര്‍ റയോണ്‍സ് സ്കൂളിലെ 1988 എസ്.എസ്.എല്‍.സി ബാച്ചാണ് വീണ്ടും ഒത്തുകൂടിയത്. ഓര്‍മകള്‍ പുതുക്കാന്‍ വിദ്യാലയമുറ്റമോ ക്ളാസ് മുറികളോ ഇരിപ്പിടങ്ങളോ ഇല്ലാത്ത വേദനയിലായിരുന്നു ഒത്തുകൂടല്‍. സ്കൂള്‍ അടച്ചുപൂട്ടിയതോടെ ഫര്‍ണിച്ചറുകളും മറ്റും ഒഴിഞ്ഞ കെട്ടിടങ്ങള്‍ കാടുമൂടി കിടക്കുകയാണ്. അതിനാല്‍, കലാലയ അന്തരീക്ഷത്തിലെ അധ്യയനത്തിന്‍െറയും ബാല്യകാലത്തിന്‍െറയും സ്മരണകള്‍ ക്ളാസ് മുറികളും ഇടനാഴിയും ബ്ളാക്ബോര്‍ഡും ഒന്നും വീണ്ടും കാണാതെയാണ് ഇവര്‍ പുതുക്കിയത്. സ്കൂളിനുപകരം മറ്റൊരു സ്ഥലം കണ്ടത്തെിയാണ് 65 പൂര്‍വ വിദ്യാര്‍ഥികള്‍ സംഗമിച്ചത്. സംഗമത്തില്‍ കുടുംബാംഗങ്ങളടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു. നെടുംപോക്കില്‍ മുഹമ്മദ്കുട്ടി, കെ.ബി. പ്രസാദ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.