സപൈ്ളകോയുടെ വാവാട് ഡിപ്പോ പ്രവര്‍ത്തനം വൈകുന്നു

കൊടുവള്ളി: സപൈ്ളകോയുടെ വെള്ളയില്‍ ഡിപ്പോയില്‍ റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുമ്പോള്‍ പുതുതായി ആരംഭിക്കുന്ന വാവാട് ഡിപ്പോയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ അധികൃതര്‍ വൈകിക്കുന്നതായി പരാതി. തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമാവാത്തതിനാലാണ് ഡിപ്പോ വൈകുന്നതെന്നാണ് സൂചന. കൊടുവള്ളി നഗരസഭാ പരിധിയില്‍ ദേശീയപാതയില്‍ വാവാട് അങ്ങാടിയിലാണ് 10,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഗോഡൗണ്‍ നിര്‍മിച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്ക് പരിധിയിലെ 326 റേഷന്‍ കടകളിലെ അരിയും ഗോതമ്പുമാണ് വെള്ളയിലുള്ള ഗോഡൗണില്‍ സൂക്ഷിച്ചുവരുന്നത്. ഇത്രയും കടകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം വെള്ളയിലെ ഗോഡൗണില്‍ ഇല്ലാത്തതിനെതുടര്‍ന്നാണ് താമരശ്ശേരി താലൂക്ക് പരിധിയില്‍ പുതിയ ഡിപ്പോ പ്രവര്‍ത്തനം തുടങ്ങാന്‍ സപൈ്ളകോ അധികൃതര്‍ തീരുമാനമെടുത്തത്. എഫ്.സി.ഐയില്‍നിന്നും വരുന്ന ഭക്ഷ്യവസ്തുക്കള്‍ ലോറികളില്‍ വെള്ളയിലെ ഗോഡൗണില്‍ എത്തിച്ച് അളന്ന് തൂക്കിയതിന് ശേഷം റേഷന്‍ കടക്കാര്‍ക്ക് വിതരണം ചെയ്യണമെന്നാണത്രെ വ്യവസ്ഥ. സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ഇവിടെ ഇറക്കിവെക്കാന്‍ കഴിയാത്തതിനാല്‍ റേഷന്‍ കടക്കാര്‍ക്ക് അളന്ന് തൂക്കിയല്ല നല്‍കുന്നതെന്നാണ് പറയുന്നത്. താമരശ്ശേരി താലൂക്ക് പരിധിയില്‍പെടുന്ന 121 ഓളം റേഷന്‍ കടകളെ വാവാട്ടുള്ള പുതിയ ഡിപ്പോയിലേക്ക് മാറ്റിയാല്‍ തിരക്ക് ഒഴിവാക്കാനും ഈ ഭാഗത്തെ റേഷന്‍കടക്കാര്‍ക്ക് സൗകര്യപ്രദവുമാവും. ഇങ്ങനെ മാറ്റുന്നതിന് കലക്ടര്‍ ഉത്തരവായതായും പറയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.