പകര്‍ച്ചവ്യാധി ഭീഷണി : ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ പരിശോധന

കോഴിക്കോട്: മാങ്കാവില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും നഗരാസൂത്രണ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മിന്നല്‍ പരിശോധന. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു കോര്‍പറേഷന്‍െറ മിന്നല്‍ പരിശോധന. രണ്ടു കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച വൈകീട്ട് പരിശോധന നടത്തിയത്. രണ്ട് സ്ഥലത്തും ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുകയാണെന്നും വൃത്തിഹീനമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നും അധികൃതര്‍ കണ്ടത്തെി. ശോച്യാവസ്ഥയില്‍ കണ്ടത്തെിയ രണ്ടു വാസസ്ഥലങ്ങളുടെയും ഉടമകള്‍ക്ക് കോര്‍പറേഷന്‍ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാങ്കാവ് മൃഗാശുപത്രിക്ക് എതിര്‍വശത്തായി 40ലധികം പേര്‍ ഒരുമിച്ച് താമസിക്കുന്ന ഷെഡിലും മാങ്കാവില്‍തന്നെ വീടിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ മൂന്ന് ചായ്പ്പുകളിലായി നൂറോളം പേര്‍ താമസിക്കുന്ന കേന്ദ്രത്തിലുമായിരുന്നു പരിശോധന. ദിവസും 100 രൂപ നിരക്കില്‍ വാടകയീടാക്കിയാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതെങ്കിലും ഇവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. മുമ്പ് ഇതേ സ്ഥലങ്ങളില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കിയിരുന്നതാണെങ്കിലും ഉടമസ്ഥര്‍ സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. പരിശോധന നടന്ന രണ്ട് കേന്ദ്രങ്ങളുടെയും അവസ്ഥ തികച്ചും പരിതാപകരമാണെന്നും വാസയോഗ്യമല്ളെന്നും കണ്ടത്തെി. കക്കൂസ്, കുളിമുറി തുടങ്ങിയ സൗകര്യങ്ങളൊന്നും ഇവിടെയില്ല. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, നഗരാസൂത്രണ കമ്മിറ്റി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍, കൗണ്‍സിലര്‍ വി.ടി. സത്യന്‍, എച്ച്.ഐ. (ഗ്രേഡ് ഒന്ന്) ശിവദാസന്‍, ജെ.എച്ച.്ഐ. സതീഷ്, അസി. എക്സിക്യൂട്ടിവ് എന്‍ജീനിയര്‍ മധു എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.