തെരഞ്ഞെടുപ്പുചൂടിലേക്ക് വ്യാജമദ്യത്തിന്‍െറ ഒഴുക്കും

കോഴിക്കോട്: തെരഞ്ഞെടുപ്പ് വിപണി ലക്ഷ്യമാക്കി സംസ്ഥാനത്തേക്ക് വ്യാജമദ്യവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദേശമദ്യവും ഒഴുകുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യാപകമായി വ്യാജമദ്യവും സ്പിരിറ്റും എത്തുന്നുണ്ടെന്നാണ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. വ്യാജമദ്യത്തിന് പുറമെ പുതുച്ചേരി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള വിദേശമദ്യവും എത്തിക്കുന്നുണ്ട്. വന്‍തോതില്‍ സ്പിരിറ്റും അതിര്‍ത്തി കടന്നത്തെുന്നുണ്ട്. സ്പിരിറ്റിനെ വിദേശമദ്യമാക്കി വ്യാജ ഹോളോഗ്രാം പതിച്ച് വിപണിയിലിറക്കുകയാണ് രീതി. അടുത്തിടെ മാവൂര്‍ വെള്ളലശ്ശേരിയില്‍ വ്യാജമദ്യ നിര്‍മാണകേന്ദ്രം കണ്ടത്തെിയിരുന്നു. സംസ്ഥാനത്തിന്‍െറ പലഭാഗങ്ങളിലും ഇത്തരം യൂനിറ്റുകള്‍ സജീവമാണെന്നാണ് വെളിപ്പെടുത്തല്‍. സോഡിയം സിലിക്കേറ്റ്, സള്‍ഫ്യൂറിക് ആസിഡ് തുടങ്ങി ഉയര്‍ന്ന അപകടസാധ്യതാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ വാഹനങ്ങളില്‍ ഇതരസംസ്ഥാനക്കാരെ ഉപയോഗപ്പെടുത്തിയാണ് സ്പിരിറ്റ് കടത്തുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള റെഡിമിക്സ് കയറ്റിയ വലിയ ടാങ്കര്‍, പാല്‍ കയറ്റിയ വാഹനങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യാജ വിദേശനിര്‍മിത യൂനിറ്റുകളില്‍ നിന്നുണ്ടാക്കുന്ന മദ്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ പതിക്കുന്നതിന് സമാനമായ ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കാനും പ്രത്യേക സംവിധാനമുണ്ട്. വ്യാജമദ്യം വിപണിയിലത്തെിക്കാനാവശ്യമായ സ്റ്റിക്കറുകളും കുപ്പികളും വന്‍തോതില്‍ എത്തിയതിന്‍െറ തെളിവ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്‍െറ ഒറിജിനലിനെ വെല്ലുന്ന വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ തിരിച്ചറിയാനാകാതെ എക്സൈസ് വകുപ്പ് കുഴയുകയാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമദ്യത്തിന്‍െറ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്കുതല സ്ട്രൈക്കിങ് ഫോഴ്സുകള്‍, അതിര്‍ത്തി പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാഹനം, വനമേഖലകള്‍, മദ്യഷാപ്പുകള്‍, കണ്ടെയ്നര്‍ ലോറികള്‍, മദ്യസാമ്പ്ള്‍ പരിശോധന എന്നിവ നടത്തുന്നുണ്ട്. വനമേഖലകളില്‍ ആദിവാസികളെയും മറ്റും ഉപയോഗിച്ച് വാറ്റ് നടത്തുന്നതും മദ്യം വില്‍ക്കുന്നതും തടയാനും നടപടി സ്വീകരിച്ചു. വനമേഖല, കോളനികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകളും റെയ്ഡും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയതോടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രെയിനിലും സ്റ്റേഷനിലും പരിശോധന നടത്താന്‍ ആര്‍.പി.എഫിന്‍െറ സഹായവും തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.