നടപ്പാതയോ കാട്ടുവഴിയോ..?

കോഴിക്കോട്: നഗരത്തിലെ ഭരണാധികാരികള്‍ ആരെങ്കിലും വല്ലപ്പോഴും എരഞ്ഞിപ്പാലം ബൈപാസിന്‍െറ ഇരുവശത്തുമുള്ള നടപ്പാതയിലൂടെ ഒന്നുനടക്കണം. നടക്കുമ്പോള്‍ കൈയില്‍ ഒരു ‘വടി’ കൂടി കരുതണമെന്നു മാത്രം. നടപ്പാതയിലേക്ക് വളര്‍ന്ന കാട് വെട്ടിത്തെളിച്ച് നടക്കാനും ഇഴജന്തുകളുടെ കടിയേല്‍ക്കാതെ രക്ഷപ്പെടാനും ‘വടി’ ഉപകരിക്കും. അരയിടത്തുപാലത്തുനിന്നും എരഞ്ഞിപ്പാലം ജങ്ഷന്‍ വരെയുള്ള നടപ്പാതയിലെ ഇരുവശത്തും കാടുകയറിയിട്ട് നാളുകളേറെയായിട്ടും ആരും കണ്ടമട്ടില്ല. ആര്‍ക്കോവേണ്ടി എരഞ്ഞിപ്പാലം ജങ്ഷന്‍െറ തുടക്കത്തില്‍ കുറച്ചുഭാഗവും സ്വപ്നനഗരിക്കു സമീപമുള്ള ഭാഗത്തെയും കാട് വെട്ടിമാറ്റിയിട്ടുണ്ട്. ലക്ഷണം കണ്ടിട്ട് അടുത്തകാലത്തൊന്നും ശേഷിക്കുന്ന ഭാഗങ്ങളില്‍ കാടുവെട്ടുമെന്ന് തോന്നുന്നില്ല. ബൈപാസിലൂടെ വല്ലപ്പോഴുമാണ് സിറ്റി ബസ് സര്‍വീസുള്ളത്. വഴിയില്‍ വെച്ച് ഓട്ടോ കിട്ടാനും ബുദ്ധിമുട്ടാണ്. എവിടെയും കാര്യമായ സ്റ്റോപ്പുമില്ല. അങ്ങനെയുള്ളപ്പോള്‍ നടപ്പാതയിലൂടെ നടക്കുകതന്നെ വേണം. എന്നാല്‍, റോഡിന്‍െറ ഇരുഭാഗവും കാടുമൂടിയ നിലയിലാണ്. പലയിടങ്ങളിലും കാടുനിറഞ്ഞ് മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇനി കുറച്ചുദൂരം നടന്നശേഷം കാട് ഒഴിവാക്കാന്‍ റോഡിലേക്കിറങ്ങാമെന്നു വെച്ചാലും നടപ്പില്ല. കൈവരികളുള്ളതില്‍ ചിലയിടങ്ങളില്‍ മാത്രമേ പുറത്തേക്കുകടക്കാനുള്ള വഴിയുള്ളൂ. റോഡിലേക്കിറങ്ങിയാല്‍ തന്നെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെയും പേടിക്കണം. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കാണ് കാട് കൂടുതല്‍ ദുരിതമുണ്ടാക്കുന്നത്. നടക്കാനിറങ്ങിയാല്‍ തിരിച്ചുവീട്ടിലത്തെുമോ എന്നകാര്യത്തില്‍പോലും ഉറപ്പില്ല. ഇഴജന്തുക്കള്‍ തന്നെയാണ് പ്രധാന പ്രശ്നം. കാടുവെട്ടുന്ന യന്ത്രം കോര്‍പറേഷനില്‍ ഉണ്ടായിട്ടും ഇതുവരെ ബൈപാസിലെ കാടുവെട്ടിത്തെളിക്കാന്‍ നടപടിയെടുത്തിട്ടില്ല. പണം നല്‍കിയാല്‍ തൊഴിലാളികള്‍ യന്ത്രവുമായി പുറംപണിക്കുപോകുകയാണെന്ന അടക്കംപറച്ചിലുമുണ്ട്. എരഞ്ഞിപ്പാലം ജങ്ഷനു സമീപം മുതല്‍ 100 മീറ്ററോളം സ്ഥലത്തെ കാടുമാത്രമാണ് വെട്ടിവൃത്തിയാക്കിയിരിക്കുന്നത്. നഗരം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴെങ്കിലും ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നഗരവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.