കൊയിലാണ്ടിയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കം; യു.ഡി.എഫില്‍ നേതാക്കള്‍ക്ക് പ്രാമുഖ്യം

കൊയിലാണ്ടി: നഗരസഭയിലെ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കം. സി.പി.എം, സി.പി.ഐ പട്ടികയില്‍ നിലവിലെ കൗണ്‍സിലര്‍മാരില്‍ ആരും ഇടംനേടിയില്ല. അതേസമയം, മുന്‍ കൗണ്‍സിലര്‍മാരായിരുന്ന മാങ്ങോട്ടില്‍ സുരേന്ദ്രന്‍, കെ.വി. സന്തോഷ്, ടി.പി. രാമദാസ്, ടി.വി. സരസ എന്നിവര്‍ ഇത്തവണ മത്സരിക്കും. നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ശാന്ത അധ്യാപകവൃത്തിയിലേക്ക് തിരിച്ചുപോകും. വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രനെ മൂന്നുതവണ മത്സരിച്ചതിനാല്‍ ഇത്തവണ ഒഴിവാക്കി. ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. സത്യന്‍, കെ. ഷിജു എന്നിവരാണ് സി.പി.എം പട്ടികയിലെ പ്രമുഖര്‍. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 38 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ഭൂരിഭാഗവും പുതുമുഖങ്ങളാണ്. മുസ്ലിം ലീഗില്‍ വി.പി. ഇബ്രാഹിംകുട്ടി, കെ.എം. നജീബ്, എ. അസീസ് എന്നിവര്‍ വീണ്ടും രംഗത്തുണ്ട്. നിലവിലെ വാര്‍ഡുകള്‍ സ്ത്രീസംവരണമായതിനാല്‍ വാര്‍ഡ് മാറിയാണ് ഇവര്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് രജീഷ് വെങ്ങളത്തുകണ്ടി വീണ്ടും ഇടംകണ്ടത്തെി. മുമ്പ് കൊയിലാണ്ടി ഗ്രാമപഞ്ചായത്ത് മെംബറും നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.പി.സി.സി നിര്‍വാഹക സമിതി അംഗം യു. രാജീവന്‍ ഏഴാം വാര്‍ഡില്‍ മത്സരിക്കും. സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റാണിത്. യു.ഡി.എഫിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. നേതാക്കളുടെ പടതന്നെയുണ്ട് യു.ഡി.എഫില്‍നിന്ന്. കോണ്‍ഗ്രസ് മുന്‍ ബ്ളോക് പ്രസിഡന്‍റ് അഡ്വ. കെ. വിജയന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.പി. മോഹനന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം നേതാക്കളായ പി.പി. നാണി, ശ്രീജ റാണി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രജീഷ് വെങ്ങളത്തുകണ്ടി, ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് വി.പി. ഇബ്രാഹിംകുട്ടി, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ.എം. നജീബ്, ജോ. സെക്രട്ടറി എ. അസീസ് എന്നിവരാണ് യു.ഡി.എഫിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. സി.പി.എമ്മില്‍ രണ്ടുപേര്‍ മാത്രമാണ് ഏരിയ കമ്മിറ്റിയില്‍നിന്ന് മത്സരരംഗത്തുള്ളത്. അഡ്വ. കെ. സത്യനും കെ. ഷിജുവും. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണ് അഡ്വ. കെ. സത്യന്‍. സി.പി.ഐക്ക് ലഭിച്ച രണ്ടു സീറ്റുകളിലും പുതുമുഖങ്ങളെയാണ് നിര്‍ത്തുന്നത്. ഒന്നാം വാര്‍ഡില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ. ചിന്നനും 40ാം വാര്‍ഡില്‍ അഡ്വ. എസ്. സുനില്‍ മോഹനനും മത്സരിക്കും. ഒന്നാം വാര്‍ഡ് സി.പി.ഐയുടെ സിറ്റിങ് സീറ്റാണ്. ബി.ജെ.പി പട്ടികയിലും പുതുമുഖങ്ങളാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.