കരുവണ്ണൂരില്‍ വാഹനവേഗത നിയന്ത്രിക്കും

നടുവണ്ണൂര്‍: അപകടങ്ങള്‍ തുടര്‍ക്കഥയായ കരുവണ്ണൂര്‍ അങ്ങാടിയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കുമെന്ന് നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും പി.ഡബ്ള്യു.ഡി അധികൃതരും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇവിടെ അമിത വേഗതയില്‍ പൊലിഞ്ഞത് മൂന്നു ജീവനുകളാണ്. സ്കൂള്‍ കുട്ടികളും അപകടത്തില്‍പെടുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് അധികൃതര്‍ ചര്‍ച്ച നടത്തിയത്. ഒക്ടോബര്‍ 15നകം കരുവണ്ണൂര്‍ അങ്ങാടിയിലും ജി.യു.പി സ്കൂളിനുമിടയില്‍ സംസ്ഥാന പാതയില്‍ രണ്ട് ഹമ്പുകള്‍ സ്ഥാപിക്കും. അതുവരെ രണ്ടു പൊലീസുകാരെ നിയമിക്കും. ഓവുചാലിന് സ്ളാബിടാത്ത ഭാഗങ്ങളില്‍ സ്ളാബിടും. ജി.യു.പി സ്കൂളിനു സമീപത്ത് ഫുട്പാത്തില്‍ കൈവരി തയാറാക്കും. 10 ദിവസത്തിനകം പി.ഡബ്ള്യു.ഡി ഇതിന്‍െറ എസ്റ്റിമേറ്റ് തയാറാക്കും. ഡിവൈ.എസ്.പി പ്രേംദാസ്, സി.ഐ. ബിജു, സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ വി.പി. വിജയകൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, സി.കെ. സോമന്‍, കെ. ചന്തപ്പന്‍, അഷ്റഫ് പുതിയപ്പുറം, പി. അച്യുതന്‍, സുധീഷ് തേക്കില്‍, പി.കെ. മുകുന്ദന്‍, എം.വി. ബാലന്‍, വി.ആര്‍. ഷൈലജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കരുവണ്ണൂര്‍ ജി.യു.പി സ്കൂളിലായിരുന്നു ചര്‍ച്ച നടന്നത്. യുവാക്കള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ജനരോഷം ശക്തമായിരുന്നു. തിങ്കളാഴ്ച രാവിലെ സംസ്ഥാന പാത ഉപരോധിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരുന്നെങ്കിലും അധികൃതരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സംസ്ഥാന പാത നവീകരണത്തിനുശേഷം വാഹനങ്ങളുടെ മരണപ്പാച്ചിലാണിവിടെ. കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചുകടക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് അപകടക്കെണിയൊരുക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.