കോഴിക്കോട്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കാനിരിക്കെ എല്‍.ഡി.എഫില്‍ സീറ്റുവിഭജനം പൂര്‍ത്തിയായില്ല. ജില്ലാ പഞ്ചായത്തില്‍ ജനതാദള്‍-എസുമായുള്ള തര്‍ക്കമാണ് പ്രധാനമായും തുടരുന്നത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ ഓമശ്ശേരി മാറ്റി അഴിയൂര്‍ മണ്ഡലം ഐ.എന്‍.എല്ലിന് നല്‍കാന്‍ ഏകദേശ ധാരണയായി. ഇക്കാര്യത്തില്‍ ബുധനാഴ്ച അന്തിമ തീരുമാനമായാല്‍ മുബാസ് കല്ളേരി ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാകും. മടവൂരില്‍ സക്കരിയ്യ ചുഴലിക്കര എന്‍.എസ്.സി സ്ഥാനാര്‍ഥിയാകും. നാദാപുരം മണ്ഡലത്തില്‍ സി.കെ. ജലീല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും. നരിക്കുനി, പയ്യോളി അങ്ങാടി, ഓമശ്ശേരി എന്നീ മണ്ഡലങ്ങളിലൊന്ന് ജനതാദളിനായി മാറ്റിവെച്ചിട്ടുണ്ട്. അവര്‍ സന്നദ്ധമാകുന്നില്ളെങ്കില്‍ മൂന്നിടത്തും സി.പി.എം മത്സരിക്കും. അങ്ങനെ വന്നാല്‍ നരിക്കുനിയില്‍ റുഖിയ ടീച്ചറും പയ്യോളി അങ്ങാടിയില്‍ പി. ഷീബയും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഓമശ്ശേരിയിലെ സ്ഥാനാര്‍ഥിയെയും ബുധനാഴ്ച തീരുമാനിക്കും. അതേസമയം, കോര്‍പറേഷനിലെ എല്‍.ഡി.എഫ് സീറ്റുവിഭജനം ചൊവ്വാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. ചാലപ്പുറം, മൂന്നാലിങ്ങല്‍, നടക്കാവ് വാര്‍ഡുകളിലാണ് ജനതാദള്‍-എസ് മത്സരിക്കുക. ഇവിടെ യഥാക്രമം പടിയേരി ഗോപാലകൃഷ്ണന്‍ (സ്വതന്ത്രന്‍), പി.കെ. കബീര്‍, സുബുലാല്‍ പാടക്കല്‍ എന്നിവര്‍ സ്ഥാനാര്‍ഥികളാകും. ഐ.എന്‍.എല്ലിന് വെള്ളയില്‍, മുഖദാര്‍ വാര്‍ഡുകള്‍ ലഭിക്കും. കോണ്‍ഗ്രസ്-എസിന് നീക്കിവെച്ച നല്ലളം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വി.പി. ആലിക്കോയ മത്സരിക്കും. ഈസ്റ്റ്ഹില്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ബീന രാജനും കുറ്റിച്ചിറയില്‍ ജനകീയമുന്നണിയുടെ ശാന്ത ഇ. കുറ്റിച്ചിറയും ജനവിധി തേടും. അവശേഷിക്കുന്ന സി.പി.എം സ്ഥാനാര്‍ഥികളെയും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പുത്തൂര്‍ വാര്‍ഡില്‍ കറ്റടത്ത് ഹാജിറയും കുണ്ടൂപ്പറമ്പില്‍ ടി.എസ്. ഷിംജിത്തും പൂളക്കടവില്‍ ബിജുലാലും വെള്ളിമാട്കുന്നില്‍ ജാനമ്മ കുഞ്ഞുണ്ണിയും മെഡിക്കല്‍ കോളജില്‍ ഷെറീന വിജയനും കുതിരവട്ടത്ത് ഷെമീനയും തിരുവണ്ണൂരില്‍ എം.പി. രാമദാസനുമാണ് സ്ഥാനാര്‍ഥികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.