അറ്റകുറ്റപ്പണി വൈകുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ചേളന്നൂര്‍: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ വര്‍ഷം യഥാസമയം കനാല്‍ നന്നാക്കാത്തതിനാല്‍ വെള്ളം തുറന്നുവിടുന്നത് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് രൂക്ഷമായ വരള്‍ച്ചയാണ് പ്രദേശവാസികള്‍ നേരിട്ടത്. കനാല്‍ പ്രശ്നം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ കനാല്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി അധികൃതരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കനാലുകളുടെ നവീകരണം ഇനിയും വൈകിയാല്‍ ഈ വേനലിലും കുടിവെള്ളം മുടങ്ങും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചൂടില്‍ മുഴുകുമ്പോള്‍ നവീകരണപ്രവൃത്തികള്‍ വൈകുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ കനാല്‍ ജലം കിട്ടാത്തതിനാല്‍ ഏക്കറുകളോളം കൃഷി നശിച്ചിരുന്നു. കനാലില്‍ അടിഞ്ഞുകൂടിയ മണ്ണ്, പുല്ല് എന്നിവ കൃത്യസമയത്ത് നീക്കംചെയ്യേണ്ടതുമുണ്ട്. ആസൂത്രിതമായി ഇത്തരം പ്രവൃത്തികള്‍ നടത്താത്തതാണ് കനാല്‍ പ്രശ്നത്തിന് കാരണമെന്ന് മുന്‍വര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ വര്‍ഷം എട്ടേ രണ്ടിലെ കനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജലവിതരണം മുടങ്ങിയതുമൂലം നാട്ടുകാര്‍ അനുഭവിച്ച ദുരിതം അധികൃതര്‍ കണ്ടറിഞ്ഞതാണ്. പലപ്പോഴും പല പ്രവൃത്തികള്‍ക്കും തുക വകയിരുത്തുമെങ്കിലും കടലാസിലൊതുങ്ങാറാണ് പതിവ്. ചോര്‍ച്ചയടക്കല്‍ ഒക്ടോബറില്‍ തുടങ്ങിയാലേ ജനുവരിയോടെ കനാല്‍ ജലം തുറന്നുവിടാന്‍ സാധിക്കൂ. ഉപകനാലുകള്‍ പലതും കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി മൂടിയതും കര്‍ഷകര്‍ക്ക് വിനയായിട്ടുണ്ട്. ഇതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടത്തെിയാലേ വേനല്‍ക്കാലത്തെ പച്ചക്കറി, നെല്ല്, വാഴ തുടങ്ങിയ കൃഷികള്‍ സുഗമമായി നടക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.