കോഴിക്കോട്: നഗര വികസനത്തിന് അടിയന്തരമായി ചെയ്യാവുന്ന 13 കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മേയര്‍ വി.കെ.സി. മമ്മദ് കോയ. ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവ മൂന്നു മാസത്തിനകം നടപ്പാക്കിത്തുടങ്ങാനാണ് ശ്രമം. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി, എല്ലാ പരാതികള്‍ക്കും പരിഗണന നല്‍കി, ജനങ്ങള്‍ ആഗ്രഹിക്കുന്നപോലെ വികസനമുണ്ടാക്കാന്‍ പരിശ്രമിക്കും. മാലിന്യ സംസ്കരണത്തിന് കുടുംബശ്രീ സംവിധാനം ശക്തമാക്കും. ആഴ്ചയില്‍ ഒരുദിവസം വീടുകളില്‍ നിന്ന് വൃത്തിയാക്കിയ പ്ളാസ്റ്റിക് ശേഖരിക്കും. സംഘടനകളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സഹായത്തോടെ റോഡുകള്‍ ശുചിയാക്കാന്‍ ജനകീയ കമ്മിറ്റികളുണ്ടാക്കും. നഗരമാലിന്യം ഒറ്റത്തവണ വൃത്തിയാക്കാന്‍ അടിയന്തരമായി നടപടിയെടുക്കും. മാര്‍ച്ചിനകം നഗരത്തില്‍ 3000 എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കും. നിലവിലുള്ള തെരുവ് വിളക്കുകള്‍ സമയബന്ധിതമായി നന്നാക്കാന്‍ നടപടിയെടുക്കും. പുതിയ വിളക്കുകള്‍ക്ക് വാര്‍ഷിക അറ്റകുറ്റപ്പണിക്ക് കരാര്‍വെക്കാന്‍ സര്‍ക്കാര്‍ അനുമതി തേടും. ജനുവരി ഒന്നിനകം നഗരസഭാ ഓഫിസില്‍ പഞ്ചിങ് നടപ്പാക്കും. ജനനന്മക്കായി മെച്ചപ്പെട്ട ഓഫിസ് സംവിധാന മൊരുക്കും. ഓഫിസില്‍ എത്തുന്നവര്‍ക്ക് ഹെല്‍പ് ഡെസ്ക് ഒരുക്കും. പൊതുജനങ്ങള്‍ക്ക് പരാതി പരിഹരിക്കാന്‍ മേയറുടെ പരാതി പരിഹാരസെല്‍ ആരംഭിക്കും. ആഴ്ചയില്‍ ഒരുദിവസം പരാതികള്‍ പരിഹരിക്കും. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനവുമായി ബന്ധപ്പെട്ട് പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും. തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കും . ഇക്കാര്യത്തില്‍ ഹൈകോടതിയുടെ ഏഴ് നിര്‍ദേശങ്ങള്‍ നടപ്പാക്കും. വിദഗ്ധരുമായി നഗരവികസനം ചര്‍ച്ച ചെയ്യാന്‍ സിററി കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയുണ്ടാക്കും. കൂടുതല്‍ പൊതു ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ഇവയില്‍ സ്ത്രീ സൗഹൃദമായവക്ക് പ്രാമുഖ്യം നല്‍കും. സ്ത്രീകള്‍ ജോലിചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിങ്ങിന് പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടപ്പാക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍ക്കിങ് സൗകര്യം ഒരുക്കും. പൊതു ശ്മശാനങ്ങള്‍ നവീകരിക്കും. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനം മാര്‍ച്ച് മാസത്തോടെ തുറക്കും. റോഡുകള്‍ നന്നാക്കാന്‍ ഉടന്‍ നടപടിയുണ്ടാകും. തണ്ണീര്‍ത്തട നിയമ നൂലാമാലയില്‍ വീടിനനുമതി കിട്ടാത്ത അഞ്ച് സെന്‍റുവരെയുള്ളവര്‍ക്ക് അനുമതി നല്‍കാന്‍ അദാലത്തുകള്‍ ഒരുക്കും. ശാന്തിനഗര്‍ കോളനിയിലെ വീടുകള്‍ക്ക് കെട്ടിടനമ്പര്‍ കിട്ടാന്‍ സര്‍ക്കാര്‍ സഹായം തേടും. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എം.എല്‍.എ മാരെ കൂടി കൂട്ടി സര്‍ക്കാറില്‍ സമ്മര്‍ദമുണ്ടാക്കും. സംഘടനകളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സഹായത്തോടെ ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കും. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിച്ച് വളമുണ്ടാക്കി ജൈവ പച്ചക്കറിക്ക് ഉപയോഗിക്കും. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സില്‍ ശക്തമായി ഇടപെടാന്‍ തീരുമാനിച്ചതായും മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകും മേയര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.