തെരഞ്ഞെടുപ്പ് പരാജയം: ജനതാദള്‍-എസില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

വടകര: നഗരസഭയിലെ ദയനീയ പരാജയം കാരണം ജനതാദള്‍-എസിലും പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. എല്‍.ഡി.എഫ് വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി മറിഞ്ഞെന്ന് ആരോപിച്ച് ജനതാദള്‍-എസ് മുനിസിപ്പല്‍ കമ്മിറ്റി നഗരസഭയില്‍ എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫുമായി സഹകരിക്കുന്ന അഡ്വ. ഇ.എം. ബാലകൃഷ്ണന് പാര്‍ട്ടിയുമായി ബന്ധമില്ളെന്നാണ് മുനിസിപ്പല്‍ കമ്മിറ്റി വിശദീകരിച്ചത്. ഏതെങ്കിലും തെരഞ്ഞെടുപ്പിലെ ജയപരാജയം നോക്കിയോ സീറ്റുനോക്കിയോ അല്ല ജനതാദള്‍-എസിന്‍െറ രാഷ്ട്രീയ നയം തീരുമാനിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇ.എം. ബാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ ജനതാദള്‍-എസില്‍ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരുകയാണ്. വടകര നഗരസഭാ പരിധിയില്‍ മാത്രമല്ല സംസ്ഥാന കമ്മിറ്റി വരെയുള്ള കേരളത്തിലെ മുഴുവന്‍ ഘടകങ്ങളും എല്‍.ഡി.എഫിന്‍െറ അവിഭാജ്യ ഘടകമായി തുടരുകയാണെന്നും ഇടതുപക്ഷവുമായി സഹകരിക്കാത്തവര്‍ക്ക് ജനതാദള്‍-എസിന്‍െറ പ്രവര്‍ത്തകരായിരിക്കാനും കഴിയില്ളെന്നും അഡ്വ. ഇ.എം. ബാലകൃഷ്ണന്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും വാര്‍ഡില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ മറിച്ചുവെന്ന പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ജനതാദള്‍-എസ് വടകര മുനിസിപ്പല്‍ കമ്മിറ്റി 11ാം വാര്‍ഡില്‍ മത്സരിച്ച മുന്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായിരുന്ന അഡ്വ. ലതിക ശ്രീനിവാസന്‍െറ പരാജയത്തിന്‍െറ പശ്ചാത്തലത്തില്‍ നഗരസഭയില്‍ എല്‍.ഡി.എഫിന്‍െറ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു കോടി 34 ലക്ഷം രൂപയോളം ചെലവഴിച്ച് വാര്‍ഡില്‍ വികസനം കാഴ്ചവെച്ച ലതിക പരാജയപ്പെട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആക്ഷേപം. 60നും 70നും ഇടയില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി വന്നിട്ടുണ്ടെന്നും പറയുന്നു. പാര്‍ട്ടിക്ക് നഗരസഭാ പ്രാതിനിധ്യം നഷ്ടപ്പെട്ടതിനാല്‍ എല്‍.ഡി.എഫിന്‍െറ മുനിസിപ്പല്‍തല പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രയാസമുണ്ടെന്നാണ് ജനതാദള്‍-എസ് മുനിസിപ്പല്‍ കമ്മിറ്റി നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.