അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ആറ് കോടിയുടെ പദ്ധതി

വടകര: ആറുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടികളാവുന്നു. കടലോര മേഖലയിലെ സ്കൂള്‍ തെരഞ്ഞെടുത്ത് പിന്തുണാ സംവിധാനം ഏര്‍പ്പെടുത്തി ഉന്നത നിലവാരത്തിലത്തെിക്കുകയെന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ പുതിയ സംവിധാനമാണ് ജില്ലയില്‍ അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് തുണയാവുന്നത്. 1957ല്‍ സ്ഥാപിതമായ ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ഭൗതിക സാഹചര്യവും മികച്ചതാക്കാന്‍ നടപടികള്‍ കൈക്കൊള്ളും. ആധുനിക സംവിധാനമുള്ള സ്മാര്‍ട് ക്ളാസ് മുറികള്‍, യു.പി തലം മുതല്‍ ലാബ് സൗകര്യം, റെസ്റ്റ് റൂം, ഗേള്‍സ് റൂം, ശൗചാലയങ്ങള്‍, ചുറ്റുമതില്‍, ഓഡിറ്റോറിയം, കാന്‍റീന്‍ എന്നിവ പുതിയ പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ഏര്‍പ്പെടുത്തും. കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പി.ടി.എ, എം.ടി.എ ഭാരവാഹികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റീന രയരോത്ത്, ഡി.ഇ.ഒ ഇ.കെ. സുരേഷ്കുമാര്‍, ചെറിയ കോയ തങ്ങള്‍, പ്രിന്‍സിപ്പല്‍ പി. പ്രേമലത, പ്രധാനാധ്യാപിക എം.എം. റാണി, പ്രദീപ് ചോമ്പാല, വി.പി. സുരേന്ദ്രന്‍, പി. നാണു, സൂപ്പി കുനിയില്‍, കെ.ടി. ദിനേശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ.ടി. അയൂബ് (ചെയര്‍), എം.എം. റാണി (കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.