അധികൃതരുടെ അനാസ്ഥ: വനിതാ സംഘത്തിന് പോഷകാഹാര നിര്‍മാണയൂനിറ്റ് കൈമാറിയില്ല

കക്കോടി: അമൃതം ഫുഡ് പ്രോഡക്റ്റ്സിന് പണി പൂര്‍ത്തിയാക്കിയ നിര്‍മാണശാല കൈമാറാത്തതുമൂലം വനിതാ തൊഴില്‍ സംഘത്തിന് നഷ്ടം സംഭവിക്കുന്നതായി ആക്ഷേപം. അധികൃതരുടെ അനാസ്ഥ മൂലമാണത്രെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാര നിര്‍മാണയൂനിറ്റിന് നഷ്ടമുണ്ടാകുന്നത്. കക്കോടി കമ്യൂണിറ്റി ഹാളിനുസമീപം അശ്വതി ബില്‍ഡിങ്ങില്‍ 8200 രൂപ പ്രതിമാസ വാടകക്കാണിപ്പോള്‍ സംഘം പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വാടകക്ക് കൂടത്തുംപൊയില്‍ ഹോമിയോ ഡിസ്പെന്‍സറിക്കടുത്ത് നിര്‍മാണ യൂനിറ്റ് മാസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, വൈദ്യുതി ലഭിക്കാത്തതാണ് യൂനിറ്റ് മാറുന്നതിനുള്ള തടസ്സം. പഞ്ചായത്ത് ത്രീ ഫെയ്സ് കണക്ഷന് പണം അടച്ചാലേ വൈദ്യുതി ലഭിക്കുകയുള്ളൂവത്രെ. പതിനാല് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ മാസശമ്പളംപോലും ലഭിക്കാത്തതുമൂലം ഇപ്പോള്‍ 10 പേര്‍ മാത്രമായി. തൊഴിലാളികള്‍ ആഭരണങ്ങള്‍ പണയംവെച്ചും പലിശക്ക് കടംവാങ്ങിയുമാണ് അങ്കണവാടികളിലെ കുരുന്നുകള്‍ക്ക് പോഷകാഹാരം നല്‍കുന്നത്. ഒമ്പതുമാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കാതായിട്ട്. ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍ പഞ്ചായത്തിലെ നൂറോളം അങ്കണവാടികള്‍ക്ക് അമൃതം പൊടി നല്‍കുന്നത് ഈ യൂനിറ്റില്‍നിന്നാണ്. പൊടിക്ക് ക്ഷാമം വരുന്ന വേളയില്‍ ജില്ലയിലെ മറ്റ് അങ്കണവാടികള്‍ക്കും പൊടി നല്‍കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.