ജലസേചന വകുപ്പിന്‍െറ ക്വാര്‍ട്ടേഴ്സുകള്‍ നാശത്തിലേക്ക്

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യുട്ടിവ് എന്‍ജിനീയര്‍ ഓഫിസിനോടനുബന്ധിച്ചുള്ള ഏക്കര്‍കണക്കിന് സ്ഥലത്തെ ക്വാര്‍ട്ടേഴ്സുകള്‍ പൂര്‍ണമായ നാശത്തിലേക്ക് നീങ്ങുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. 1960കളില്‍ കനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടിയാണ് പേരാമ്പ്രയില്‍ എക്സിക്യുട്ടിവ് എന്‍ജിനീയറുടെ കാര്യാലയം തുറന്നത്. കനാല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിരവധി ജീവനക്കാര്‍ പേരാമ്പ്രയില്‍ എത്തിയിരുന്നു. അവര്‍ക്ക് താമസിക്കാന്‍വേണ്ടിയാണ് ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചത്. പിന്നീട് ഇത് മറ്റുള്ളവര്‍ക്കും താമസിക്കാന്‍ ലഭ്യമാക്കിയിരുന്നു. 30ഓളം ക്വാര്‍ട്ടേഴ്സുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഓടുമേഞ്ഞ മേല്‍ക്കൂരയുള്ള ക്വാര്‍ട്ടേഴ്സുകള്‍ പൂര്‍ണമായും നശിച്ചിരിക്കുകയാണ്. മേല്‍ക്കൂര നിലംപൊത്തുകയും പല കെട്ടിടത്തിന്‍െറയും കട്ടിള, ജനല്‍ ഉള്‍പ്പെടെയുള്ളവ എടുത്തുമാറ്റിയ നിലയിലാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ പലതും ചോര്‍ന്നൊലിക്കുന്നുണ്ട്. കാടുപിടിച്ച് കിടക്കുകയുമാണ്. നിരവധി ക്വാര്‍ട്ടേഴ്സുകള്‍ വെറുതെ കിടക്കുമ്പോള്‍ വീണ്ടും പുതിയ കെട്ടിടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ജലസേചന വകുപ്പധികൃതര്‍ ചെയ്യുന്നത്. 27 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന എക്സിക്യുട്ടിവ് എന്‍ജിനീയറുടെ ഓഫിസിന്‍െറ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. നിലവിലുള്ള കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താതെ നശിക്കുമ്പോള്‍ വീണ്ടും കെട്ടിടമുണ്ടാക്കുന്നത് എന്തിനെന്ന ചോദ്യമാണ് പൊതുജനങ്ങള്‍ ഉയര്‍ത്തുന്നത്. ജലസേചന വകുപ്പിന്‍െറ പേരാമ്പ്രയിലുള്ള സ്ഥലം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.