ലോറിയിൽ കടത്തിയ 60കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ പിടിയിൽ

കടുത്തുരുത്തി: ചരക്ക് ലോറിയിൽ കൊണ്ടുവന്ന അരക്കോടിയുടെ കഞ്ചാവ് പൊലീസ് പിടികൂടി. ബുധനാഴ്ച പുലർച്ച രണ്ടുമണിയോടെ കുറുപ്പന്തറ മാർക്കറ്റിന് സമീപത്തുവെച്ചാണ് കഞ്ചാവ് ശേഖരം ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്ന് പിടികൂടിയത്. വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ലോറിയുടെ രഹസ്യഅറയിൽ സൂക്ഷിച്ച 60കിലോ തൂക്കംവരുന്ന കഞ്ചാവ് പൊലീസ് കണ്ടെത്തി. 28 പാക്കറ്റുകളിലാക്കിയായിരുന്നു ക‍ഞ്ചാവ് സൂക്ഷിച്ചിരിന്നത്. സംഭവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ തെള്ളകം കളപ്പുരക്കൽ വീട്ടിൽ ജോസ് (40), വൈക്കം തോട്ടകം തലപ്പള്ളിൽ ഗോപു (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ആർപ്പൂക്കര, ഗാന്ധിനഗർ, കോട്ടയം പ്രദേശങ്ങളിലെ കഞ്ചാവ് മൊത്ത കച്ചവടക്കാർക്കുള്ളതായിരുന്നു ലോറിയിൽ കടത്തിയ കഞ്ചാവെന്ന് പ്രതികൾ സമ്മതിച്ചതായി കടുത്തുരുത്തി പൊലീസ് പറഞ്ഞു. പൈനാപ്പിളുമായി ആന്ധ്രയിലേക്കു പോയശേഷം മടങ്ങിവരുന്ന നാഷനൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി ജില്ല പൊലീസ് മേധാവി ജി.ജയദേവിന് വിവരം ലഭിച്ചിരിന്നു. ഇതേതുടർന്നായിരുന്നു പൊലീസ് കുറുപ്പന്തറയിൽവെച്ച് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. പൈനാപ്പിൾ ലോഡുമായി അന്തർ സംസ്ഥാനങ്ങളിൽപോയി തിരികെ അരിയും പലചരക്ക് സാധനങ്ങളുമായാണ് പ്രതികൾ നാട്ടിലേക്ക് മടങ്ങാറുള്ളത്. ഇതിൻെറ മറവിലാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. ഇത്തവണ കൂടുതൽ കഞ്ചാവ് എടുത്തതോടെ ഇരുവരും മറ്റ് സാധനങ്ങൾ കയറ്റാതെ കാലിവണ്ടിയുമായി കോട്ടയത്തേക്കുപോരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വൈക്കം ഡിവൈ.എസ്.പി സി.ജി. സനിൽകുമാർ, കടുത്തുരുത്തി സി.ഐ സി.എസ്. ബിനു, എസ്.ഐ ടി.എസ്. റെനീഷ്, ജില്ല പൊലീസിൻെറ സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ വിജയപ്രസാദ്, എ.എസ്.ഐ സിനോയ്, സി.പി.ഒ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.