പമ്പ സർവിസ്​: ബസില്ലാതെ കെ.എസ്​.ആർ.ടി.സി; യാത്ര​േക്ലശം രൂക്ഷമാകും

കോട്ടയം: പമ്പ സ്പെഷൽ സർവിസിനായി എ.സി-നോൺ എ.സി ബസുകളും ദീർഘദൂര ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, സൂപ്പർ എക്സ്പ ്രസ് ബസുകളും കെ.എസ്.ആർ.ടി.സി വഴിമാറ്റുന്നു. 110 നോൺ എ.സിയും 40 എ.സിയും അടക്കം 300 ബസാണ് പമ്പ സ്പെഷൽ സർവിസിനായി നവംബർ 16 മുതൽ പിൻവലിക്കുക. ഇതിനു മുന്നോടിയായി തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം, എറണാകുളം-നെടുമ്പാശേരി-കോഴിക്കോട്, തൃശൂർ-കോഴിക്കോട് സെക്ടറിൽ ഓടിയിരുന്ന 40 എ.സി ബസ് പിൻവലിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പക്ക് അയക്കാൻ ചീഫ് ഓഫിസ് യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. എ.സി ബസുകളുടെ റിസർവേഷൻ നിർത്തിവെച്ചു. ഡീലക്സ്-എക്സ്പ്രസ് ബസുകളിൽ ശബരിമല യാത്രക്കാർക്കായി പ്രത്യേക റിസർവേഷൻ തുടങ്ങി. ബംഗളൂരു, മൈസൂർ, പഴനിയടക്കം അന്തർ സംസ്ഥാന സർവിസുകൾക്കും പ്രേത്യക റിസർവേഷൻ ആരംഭിച്ചു. അന്തർ സംസ്ഥാന സർവിസുകൾ പമ്പയിയിലേക്ക് നീട്ടുന്ന കാര്യവും പരിഗണനയിലാണ്. പമ്പ സ്പെഷൽ സർവിസിനായി പുതിയ ബസില്ലാത്തതു തീർഥാടകരെ കടുത്ത ദുരിതത്തിലാക്കും. ദീർഘദൂര സർവിസ് നടത്തുന്ന 300 ബസ് പമ്പ സർവിസിനായി മാറ്റുന്നതോടെ ദേശസാത്കൃത റൂട്ടുകളിലും കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ദീർഘദൂര റൂട്ടുകളിലും യാത്രക്ലേശവും രൂക്ഷമാകും. 40 എ.സി ബസുകൾ ഒറ്റയടിക്ക് പിൻവലിക്കുന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള മലബാർ യാത്രക്കാരും ദുരിതത്തിലാകും. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ സൊസൈറ്റി മുഖേന ബസ് വാടകക്ക് എടുക്കാനുള്ള നടപടി എങ്ങും എത്തിയിട്ടില്ല. പുതിയ 250 ബസ് പമ്പ സർവിസിന് ഇറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നടപടി ഇഴയുകയാണ്. സാമ്പത്തിക പ്രതിസന്ധിയും തടസ്സമാണ്. നിലവിൽ എ.സി ബസുകൾ എല്ലാം ലാഭകരമായിരുന്നു. 25000-30000 രൂപവരെയായിരുന്നു മിക്ക ബസിൻെറയും പ്രതിദിന വരുമാനം. പമ്പ സർവിസിൽനിന്ന് ഈ തുക ലഭിക്കുമോയെന്നും ആശങ്കയുണ്ട്. ബസ് കുറവുമൂലം നിലവിൽ 700-800 സർവിസുവരെ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ പമ്പ സർവിസും പ്രതിസന്ധിയിലാകുമെന്നാണ് കോർപറേഷൻ മെക്കാനിക്കൽ വിഭാഗം നൽകുന്ന സൂചന. 800ലധികം ബസ് സ്പെയർ പാർട്സ്-ടയർ ക്ഷാമം മൂലം കട്ടപ്പുറത്തുണ്ട്. ഡീസൽ ക്ഷാമവും രൂക്ഷമാണ്.എണ്ണക്കമ്പനികൾക്കുള്ള കുടിശ്ശികയും കുന്നുകൂടുകയാണ്. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.