ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ പദവിയൊഴിയണം -പി.ജെ. ജോസഫ്

ചങ്ങനാശ്ശേരി: നഗരസഭ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിലിന് കത്ത് നൽകി. യു.ഡി.എഫിലെ കരാർ വ്യവസ്ഥകൾ ലംഘിച്ച് തൽസ്ഥാനത്ത് തുടരുന്നത് പാർട്ടി ഭരണഘടനപരമായ അച്ചടക്ക ലംഘനമാണന്ന് കേരള കോൺഗ്രസ് എം നേതാവുകൂടിയായ ലാലിച്ചൻ കുന്നിപ്പറമ്പിലിന് നൽകിയ കത്തിൽ പറയുന്നു. രാജിവെക്കാത്ത പക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വെള്ളിയാഴ്ച പി.ജെ. ജോസഫ് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ധാരണപ്രകാരം നഗരസഭ ചെയർമാൻ സ്ഥാനം അവസാന ടേം കേരള കോൺഗ്രസ് ജോസഫ് പക്ഷക്കാരനും സി.എഫ്. തോമസ് എം.എൽ.എയുടെ സഹോദരനുമായ സാജൻ ഫ്രാൻസിസിനാണ് നൽകേണ്ടത്. എന്നാൽ, ജോസ് പക്ഷക്കാരനായ ലാലിച്ചൻ ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഇതുവരെ തയാറായിട്ടില്ല. കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പി.ജെ. ജോസഫിന് അനുകൂലമായ കോടതി വിധി വന്നതോടെ ആദ്യ തീരുമാനം എന്ന നിലയിലാണ് ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫ് കത്ത് നൽകിയത്. ഇതോടെ ചങ്ങനാശ്ശേരി നഗരസഭയിൽ യു.ഡി.എഫിൽ തർക്കം രൂക്ഷമാകുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.