കോടിമത പാർക്കിങ്​ ഗ്രൗണ്ടിലെ ഗാരേജ്​: ഒഴിയാതെ കെ.എസ്​.ആർ.ടി.സി; 25,000 രൂപ വാടക ചോദിച്ച്​ നഗരസഭ

കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിെല കോടിമത പാർക്കിങ് ഗ്രൗണ്ടിൽ തീർത്ത ഗാരേജ് ഒഴിയാൻ സാവകാശം വേണമെന്ന് കെ.എസ്.ആർ. ടി.സി വാടക ഈടാക്കി നീട്ടിനൽകാനൊരുങ്ങി കോട്ടയം നഗരസഭ. അഞ്ചുവർഷം മുമ്പ് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ടാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിങ് ഗ്രൗണ്ട് ഗാരേജിനായി വിട്ടുനൽകിയത്. പൊതുമേഖല സ്ഥാപനമായതിനാൽ വാടകപോലുമില്ലാതെയാണ് സ്ഥലം വിട്ടുനൽകിയത്. പാർക്കിങ് ഇനത്തിൽ നഗരസഭക്ക് വൻതുകയാണ് നഷ്ടമായത്. തുടർന്ന് സ്ഥലത്തുനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയെങ്കിലും അധികൃതർ കാര്യമായെടുത്തില്ല. പല ഒഴിവുകൾ നിരത്തി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒടുവിൽ ഒഴിപ്പിക്കൽ നടപടിയിലേക്ക് കർശന നടപടിയെടുക്കാൻ ഒരുങ്ങവെയാണ് പുതിയ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കലിന് ചില തടസ്സങ്ങൾ നേരിടുന്നതിനാൽ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ നഗരസഭക്ക് കത്തുനൽകിയത്. ഇത് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ചർച്ചചെയ്തതോടെയാണ് വാടക നിശ്ചയിക്കാൻ തീരുമാനിച്ചത്. പ്രതിമാസം 25,000 രൂപ വാടകയായി നിശ്ചയിക്കാൻ തീരുമാനിച്ചതായി നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് കത്ത് തിങ്കളാഴ്ച തയാറാക്കി കെ.എസ്.ആർ.ടി.സിക്ക് നൽകും. കണ്ടെയ്നർ ലോറി അടക്കമുള്ള വാഹന പാർക്കിങ്ങിലൂടെ നഗരസഭക്ക് വൻതുകയാണ് നഷ്ടമായത്. ലേലത്തിന് എടുത്തവർക്കും ലാഭം കിട്ടാത്ത സ്ഥിതിയുണ്ട്. നിലവിൽ രണ്ടോ മൂന്നോ ബസ് പാര്‍ക്ക് ചെയ്യുന്നതൊഴിച്ചാല്‍ മറ്റ് ആവശ്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നില്ലെന്നും അവർ പറഞ്ഞു. വരുമാനം നിലച്ചതിനൊപ്പം കണ്ടെയ്‌നര്‍ ലോറികൾക്ക് പാർക്കുചെയ്യാൻ സ്ഥലമില്ലാതെയായി. കെ.എസ്.ആർ.ടി.സിയുടെ വരവോടെ കണ്ടെയ്നർ ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ കോടിമത എം.ജി റോഡിലാണ് പാർക്ക് ചെയ്യുന്നത്. എന്നാൽ, വെട്ടവും വെളിച്ചവും കുറവായ സ്ഥലത്ത് രാത്രി റോഡരികിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ചെറിയ വാഹനങ്ങൾക്ക് തടസ്സമാകാറുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷതേടാൻ ഇരുചക്ര വാഹനയാത്രക്കാരടക്കം ഉപയോഗിക്കുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.